ഫഹദ് ഫാസിലിനൊപ്പം പനോരമ സ്റ്റുഡിയോസും ജേക്കബ് ബാബുവും; പുതിയ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങൾ പ്രഖ്യാപിച്ചു
text_fields‘ദൃശ്യം 3’ മലയാളം പതിപ്പിന്‍റെ വൻ വിജയത്തിന് പിന്നാലെ, ഇന്ത്യയിലെ ശ്രദ്ധേയ സിനിമാ നിർമാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് പുതിയ രണ്ട് മലയാള ചിത്രങ്ങൾ പ്രഖ്യാപിച്ചു. നിർമാതാവ് ജേക്കബ് ബാബുവുമായി സഹകരിച്ചാണ് പനോരമ സ്റ്റുഡിയോസ് ഈ രണ്ട് ചിത്രങ്ങളും നിർമിക്കുന്നത്. യുവ നടൻ ഫഹദ് ഫാസിലാണ് രണ്ട് ചിത്രങ്ങളിലും പ്രധാന വേഷത്തിൽ എത്തുന്നത്.
മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ്, ആവേശം, പുഷ്പ തുടങ്ങിയ ചിത്രങ്ങളിലൂടെ ഫ്രാഞ്ചൈസി തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ സ്വന്തമായൊരു ഇടം നേടിയെടുത്ത നടനാണ് ഫഹദ് ഫാസിൽ. ഫഹദിന്‍റെ ശക്തമായ കഥാപാത്ര തിരഞ്ഞെടുപ്പുകളും അഭിനയശൈലിയും പുതിയ പ്രൊജക്റ്റുകൾക്കും കരുത്താകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
തിരക്കഥകളുടെ കരുത്തും അണിയറപ്രവർത്തകരുടെ കാഴ്ചപ്പാടുമാണ് തന്നെ ഈ ചിത്രങ്ങളിലേക്ക് ആകർഷിച്ചതെന്ന് ഫഹദ് ഫാസിൽ പ്രതികരിച്ചു. "ഈ ചിത്രങ്ങളിലേക്ക് എന്നെ ആകർഷിച്ചത് ഇതിന്‍റെ ശക്തമായ തിരക്കഥകളും അണിയറപ്രവർത്തകരുടെ കാഴ്ചപ്പാടുമാണ്. ഒരു നടൻ എന്ന നിലയിൽ എന്നെ വെല്ലുവിളിക്കുന്നതും പ്രേക്ഷകർക്ക് പുതുമ നൽകുന്നതുമായ സിനിമകളുടെ ഭാഗമാകാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു. ജേക്കബ് ബാബുവുമായും പനോരമ സ്റ്റുഡിയോസുമായും നടത്തിയ ചർച്ചകൾ ഏറെ പ്രചോദനം നൽകുന്നതായിരുന്നു. ചിത്രങ്ങൾ അടുത്ത വർഷം പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്"- ഫഹദ് ഫാസിൽ പറഞ്ഞു.
ഓംകാര, പ്യാർ കാ പഞ്ച്നാമ, ദൃശ്യം, ഷൈത്താൻ തുടങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രങ്ങൾ നിർമിച്ച പനോരമ സ്റ്റുഡിയോസ് മലയാള സിനിമയിൽ സജീവമാകുകയാണ്. അനോമി, ടികിടാക, ഉന്മാദം തുടങ്ങിയ ചിത്രങ്ങൾ പനോരമ നിർമിച്ചിട്ടുണ്ട്. മലയാള സിനിമാ വിപണിയെക്കുറിച്ചുള്ള വ്യക്തമായ ധാരണയുള്ള ജേക്കബ് ബാബുവുമായി സഹകരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് പനോരമ സ്റ്റുഡിയോസ് പ്രൊഡ്യൂസർ കുമാർ മങ്കാത് പഥക് പറഞ്ഞു. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഫഹദിനേക്കാൾ മികച്ച ചോയിസ് ഇല്ലെന്ന് അഭിഷേക് പഥക് അഭിപ്രായപ്പെട്ടു.
നല്ല കൂട്ടായ്മകളാണ് നല്ല സിനിമകൾ സൃഷ്ടിക്കുന്നതെന്ന് നിർമാതാവ് ജേക്കബ് ബാബു പറഞ്ഞു. "പനോരമ സ്റ്റുഡിയോസുമായുള്ള സഹകരണം പ്രേക്ഷകർക്ക് തിയറ്ററുകളിൽ ഒരു ദൃശ്യവിരുന്ന് തന്നെ സമ്മാനിക്കുമെന്ന ഉറപ്പുണ്ട്," അദ്ദേഹം വ്യക്തമാക്കി.
നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ഈ രണ്ട് ചിത്രങ്ങളും 2027ൽ തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചിത്രങ്ങളുടെ സംവിധായകർ, മറ്റു താരങ്ങൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി.ആർ.ഒ: ആതിര ദിൽജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

