വാജ്പേയിയായി പങ്കജ് ത്രിപാഠിയുടെ കൂടുമാറ്റം; 'മേം അടൽ ഹൂൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
text_fieldsമുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം പറയുന്ന 'മേം അടൽ ഹൂൻ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ പങ്കജ് ത്രിപാഠിയാണ് വാജ്പേയിയായി വേഷമിടുന്നത്. വാജ്പേയിയുടെ ജൻമവാർഷികത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. മുൻ പ്രധാനമന്ത്രി എന്ന നിലയിൽ നടന്റെ രൂപമാറ്റം കാണാനായുള്ള ആളുകളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. പോസ്റ്ററിൽ വാജ്പേയിയുമായി അപൂർവ സാദൃശ്യമാണ് പങ്കജ് ത്രിപാഠിക്ക്. കവി, രാഷ്ട്ര തന്ത്രജ്ഞൻ, നേതാവ്, മനുഷ്യ സ്നേഹി...എന്നിങ്ങനെ ബഹുമുഖമുള്ള വാജ്പേയിയെ ആണ് വെള്ളിത്തിരയിൽ കാണാനാവുക.
2023 ഡിസംബറിലാണ് സിനിമയുടെ റിലീസ്.
'ഞാൻ ഇടറുകയോ തലതാഴ്ത്തുകയോ ചെയ്തിട്ടില്ല, ഞാൻ അചഞ്ചലനാണ്' എന്ന അടിക്കുറിപ്പോടെയാണ് പങ്കജ് ത്രിപാഠി ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഉല്ലേഖ് എന്‍.പി.യുടെ ‘ദി അണ്‍ടോള്‍ഡ് വാജ്‌പേയി: പൊളിറ്റീഷന്‍ ആന്‍ഡ് പാരഡോക്‌സ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കുന്നതാണ് ഈ സിനിമ. രവി ജാദവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉത്കര്‍ഷ് നൈതാനിയുടേതാണ് തിരക്കഥ. സമീർ ആണ് സിനിമയിലെ ഗാന രചന. സംഗീതം സലിം സുലൈമാൻ.വിനോദ് ഭാനുശാലി, സന്ദീപ് സിങ്, സാം ഖാന്‍, കമലേഷ് ഭാനുശാലി, വിശാല്‍ ഗുര്‍നാനി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
മനുഷ്യത്വമുള്ള ഒരു രാഷ്ട്രീയക്കാരനെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് പങ്കജ് ത്രിപാഠി പറഞ്ഞു.
മൂന്നുതവണയാണ് വാജ്പേയി ഇന്ത്യൻ പ്രധാനമന്ത്രിയായത്. 1996ല്‍ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയി ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനാല്‍ 13 ദിവസത്തിനകം രാജിവെച്ചിരുന്നു. പിന്നീട് 1998ലും 1999ലും പ്രധാനമന്ത്രിയായി. 2018 ആഗസ്റ്റ് 16ന് 93ാം വയസിൽ അന്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

