കൃത്യമായ രാഷ്ട്രീയം പറയുന്ന ചലച്ചിത്രാവിഷ്കാരം, നിസ്സഹായരായ ആദിവാസി ജനവിഭാഗത്തെ എങ്ങനെ കൈകാര്യം ചെയ്തതെന്ന് കൃത്യമായി വരച്ചു കാണിക്കുന്നു; നരിവേട്ടയെ കുറിച്ച് പി. ജയരാജന്‍
text_fieldsടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് നരിവേട്ട. അബിന്‍ ജോസഫാണ് തിരക്കഥ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെ അഭിനന്ദിക്കുകയാണ് മുതിര്‍ന്ന സി.പി.എം നേതാവ് പി. ജയരാജന്‍. കൃത്യമായ രാഷ്ട്രീയം പറയുന്ന അതിമനോഹരമായ ചലച്ചിത്രാവിഷ്‌കാരമാണ് നരിവേട്ട. അന്നത്തെ ഭരണകൂടവും പൊലീസും നിസ്സഹായരായ ആദിവാസി ജനവിഭാഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് സിനിമ വ്യക്തമായി കാണിച്ച് തരുന്നു പി. ജയരാജന്‍ പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം
ടോവിനോ തോമസിനെ നായകനാക്കി പ്രിയ സുഹൃത്തും ഇരിട്ടി സ്വദേശിയുമായ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന സിനിമ കഴിഞ്ഞ ദിവസം കണ്ടു. ചിത്രത്തിന്റെ കഥയും ഇരിട്ടിക്കാരൻ തന്നെ. യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ അബിൻ ജോസഫ്. കൃത്യമായ രാഷ്ട്രീയം പറയുന്ന അതി മനോഹരമായ ഒരു ചലച്ചിത്രാവിഷ്കാരമാണ് നരിവേട്ട.
എ.കെ ആന്റണി മുഖ്യമന്ത്രിയും കെ. സുധാകരൻ വനം വകുപ്പ് മന്ത്രിയും ആയിരുന്ന 2003 കാലഘട്ടത്തിൽ നടന്ന മുത്തങ്ങ ആദിവാസി സമരവും പൊലീസ് നരനായാട്ടും പുതു തലമുറയെ ഓർമിപ്പിക്കുന്നു. അന്നത്തെ ഭരണകൂടവും പൊലീസും നിസ്സഹായരായ ആദിവാസി ജനവിഭാഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കൃത്യമായി വരച്ചു കാണിക്കുന്നു. കഥയാവുമ്പോൾ സംഭവങ്ങളുടെ ചിത്രീകരണം മാത്രമല്ല ഭാവനയും കേറിവരും. അതും സിനിമയിൽ കാണാനാവും. അതേസമയം മാവോയിസ്റ്റ് ബന്ധം ചുമത്തി നടത്തുന്ന ആദിവാസി വേട്ടയെക്കുറിച്ചും പ്രേക്ഷകരെ ഓർമിപ്പിക്കുന്നു.
മുൻനിര താരങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ക്വാളിറ്റിയിൽ ഇത്തരമൊരു ചിത്രം പുറത്തിറങ്ങിയ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നു. തീർച്ചയായും ഏവരും കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട സിനിമയാണിത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

