തീയറ്റർ റിലീസിന് മുമ്പുതന്നെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു! രൺവീർ സിങിന്റെ 'ധുരന്ധർ' എവിടെ കാണാം?
text_fieldsധുരന്ധർ ചിത്രത്തിന്റെ പോസ്റ്റർ
രൺവീർ സിങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ധുരന്ധർ' തീയറ്റർ റിലീസിന് മുമ്പുതന്നെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. 2025 ഡിസംബർ അഞ്ചിനാണ് ചിത്രം തീയറ്റർ റിലീസിന് എത്തുന്നത്. രൺവീർ സിങിനെ കേന്ദ്ര കഥാപാത്രമാക്കി നിർമിക്കുന്ന ചിത്രം ഒരു സ്പൈ ആക്ഷൻ ത്രില്ലർ ഴോണറിലാണ് എത്തുന്നത്. 'ഒ.ടി.ടിപ്ലേ' റിപ്പോർട്ട് പ്രകാരം നെറ്റ്ഫ്ലിക്ക്‌സാണ് ഒ.ടി.ടി സ്ട്രീമിങ്ങിനുള്ള അവകാശം നേടിയത്. തീയറ്റർ വിജയത്തിന് ശേഷം 2026 ജനുവരി 30ന് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുമെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും നിർമാതാക്കളുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ധുരന്ധർ. ഭീകരതക്കെതിരെ പോരാടുന്ന ഒരു ഇന്ത്യൻ ഇന്റലിജൻസ് ഏജന്റിന്റെ കഥയാണ് സിനിമ പിന്തുടരുന്നത്. ആർമി ഓഫീസറും അശോക ചക്ര ജേതാവുമായ മേജർ രോഹിത് ശർമയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമിച്ചിട്ടുള്ളതെന്ന് ചില റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ ചിത്രം ശർമയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയല്ലെന്ന് സംവിധായകൻ ആദിത്യ ധർ വ്യക്തമാക്കി. 3.5 മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം.
നേരത്തെ പുറത്തുവിട്ട നാല് മിനുട്ട് ദൈർഘ്യമുള്ള ട്രെയിലറിൽ നിരവധി അക്രമാസക്തമായ ദൃശ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധിപേരാണ് വിമർശങ്ങൾ ഉന്നയിച്ചത്. ഒരാളുടെ ശരീരത്തിൽ മീൻകൊളുത്തുകൾ ഉപയോഗിച്ച് പീഡിപ്പിക്കുന്നതും, അക്ഷയ് ഖന്നയുടെ കഥാപാത്രം കല്ലുകൊണ്ട് ഒരാളുടെ തല തകർത്ത് കൊല്ലുന്നതുമായ ഷോട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ട്രെയിലറിനെ പിന്തുണച്ച് ചില സംവിധായകർ രംഗത്തെത്തിയിട്ടുണ്ട്. അടുത്തിടെ തിയറ്ററുകളിൽ എത്തിയ 'ഹഖ്' എന്ന സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ സുപർൺ എസ്.വർമ സംവിധായകൻ ആദിത്യ ധറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അക്രമാസക്തമായ ദൃശ്യങ്ങളുടെ പേരിൽ ചലച്ചിത്ര പ്രവർത്തകർ വിമർശനം നേരിടുന്നത് ഇത് ആദ്യമായല്ല. ഇത്തരം ദൃശ്യങ്ങൾ ഒരു കൊറിയൻ അല്ലെങ്കിൽ ജാപ്പനീസ് ചിത്രത്തിൻറെ ഭാഗമായിരുന്നെങ്കിൽ പ്രേക്ഷകർ അതിനെ സ്വാഗതം ചെയ്യുമായിരുന്നുവെന്ന് സുപർൺ എക്സിൽ കുറിച്ചു. രൺവീർ സിങിനെ കൂടാതെ അക്ഷയ് ഖന്ന, അർജുൻ രാംപാൽ, ആർ. മാധവൻ, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

