'കടുവ' സിനിമ ഒ.ടി.ടി പ്രദർശനം: ഹൈകോടതി കേന്ദ്രത്തിന്‍റെ വിശദീകരണം തേടി
text_fieldsകൊച്ചി: സെൻസർ ചെയ്യാത്ത സിനിമകൾ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിൽ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതി കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടി. സെൻസർഷിപ് നിയന്ത്രണം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ നടപ്പാക്കുന്നതടക്കം കാര്യങ്ങളിൽ വിശദീകരണം നൽകാനാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ നിർദേശം. 'കടുവ' സിനിമയുടെ ഒ.ടി.ടി പ്ലാറ്റ് ഫോമിലെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
തന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിച്ച സിനിമയിൽ നായക കഥാപാത്രമായ 'കടുവാക്കുന്നേൽ കുറുവച്ച'ന്‍റെ പേര് ഹൈകോടതിയുടെയും സെൻസർ ബോർഡിന്‍റെയും ഇടപെടലിനെത്തുടർന്ന് കടുവാക്കുന്നേൽ കുര്യച്ചൻ എന്നാക്കിയാണ് പ്രദർശനത്തിനെത്തിച്ചതെങ്കിലും വിദേശങ്ങളിൽ റിലീസ് ചെയ്തപ്പോൾ പേര് മാറ്റിയില്ലെന്ന് ആരോപിച്ചാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
തന്നെയും കുടുംബത്തെയും അവഹേളിക്കുന്ന രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന് ആരോപിച്ച് ഹരജിക്കാരൻ നേരത്തേ ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് പരാതി പരിശോധിക്കാൻ സെൻസർ ബോർഡിന് സിംഗിൾ ബെഞ്ച് നിർദേശം നൽകി. ഇതിനെതിരെ നിർമാതാക്കൾ അപ്പീൽ നൽകിയെങ്കിലും സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിൽ ഡിവിഷൻ ബെഞ്ച് ഇടപെട്ടില്ല. തുടർന്നാണ് നായക കഥാപാത്രത്തിന്‍റെ പേര് മാറ്റി ചിത്രം പ്രദർശനത്തിനെത്തിച്ചത്.
എന്നാൽ, ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ പേര് മാറ്റാതെയാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും ഒ.ടി.ടി പ്രദർശനം തടയണമെന്നുമാണ് ആവശ്യം. ചിത്രത്തിന്‍റെ സെൻസർ ചെയ്ത പതിപ്പ് മാത്രമേ ഒ.ടി.ടിയിൽ പ്രദർശിപ്പിക്കാവൂ എന്ന് ഹരജി പരിഗണിച്ച കോടതി നിർദേശിച്ചു. എന്നാൽ, നിലവിലെ നിയമപ്രകാരം ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളിൽ സെൻസർ ബോർഡിന് നിയന്ത്രണമില്ലെന്ന് ബോർഡിന്‍റെ അഭിഭാഷകൻ വിശദീകരിച്ചു. തുടർന്നാണ് ഇക്കാര്യത്തിൽ സിംഗിൾ ബെഞ്ച് കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

