'ഒരു ജാതി ജാതകം' ഒ.ടി.ടിയിൽ എത്താൻ വൈകുന്നത് എന്തുകൊണ്ട്?
text_fieldsവിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമായ 'ഒരു ജാതി ജാതകം' ഒ.ടി.ടിയിൽ എത്താൻ വൈകുന്നതിന്‍റെ കാരണം വെളിപ്പെടുത്തി മനോരമ മാക്സ്. ജനുവരി മാസം തിയേറ്ററുകളിലെത്തിയ ചിത്രം മാർച്ച് 14ന് ഒ.ടി.ടിയില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതുവരെ ഒ.ടി.ടിയിൽ എത്തിയിട്ടില്ല.
സെൻസർഷിപ്പിലെ ചില പ്രശ്നങ്ങൾ മൂലമാണ് ചിത്രം മാറ്റിവക്കേണ്ടി വന്നതെന്ന് മനോരമമാക്സ് ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി. സിനിമയിലെ ചില പരാമർശങ്ങൾ സംബന്ധിച്ച് ഹൈകോടതി പുറപ്പെടുവിച്ച നോട്ടീസിനെത്തുടർന്ന് റീസെൻസറിങ് പ്രക്രിയ കാരണമാണ് ചിത്രത്തിന്‍റെ സ്ട്രീമിങ് വൈകുന്നതെന്നാണ് ഇവരുടെ വിശദീകരണം.
റിലീസ് തീയതി പ്രഖ്യാപിച്ചുള്ള പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ നിന്നും റിമൂവ് ചെയ്തിരുന്നു. പകരം മറ്റൊരു പോസ്റ്റ് പങ്കുവെച്ചു. "ഞങ്ങൾ ഇവിടെയൊക്കെ തന്നെയുണ്ട്!, നല്ല പെണ്ണ് കിട്ടാൻ കുറച്ച് കാത്തിരിക്കണം, നല്ല സിനിമ കാണാനും അൽപ്പം കാത്തിരിക്കണം- മമ്പറത്ത് ജയേഷ്" എന്നതായിരുന്നു പുതിയ പോസ്റ്റ്.
പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ചിത്രം 9.23 കോടി രൂപയുടെ ബോക്സ് ഓഫിസ് കളക്ഷൻ നേടിയിരുന്നു. ചിത്രത്തിൽ ബാബു ആന്റണിയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പി.പി.കുഞ്ഞിക്കണ്ണന്‍, നിര്‍മല്‍ പാലാഴി, അമല്‍ താഹ, മൃദുല്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഗായകന്‍ വിധു പ്രതാപും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ജനുവരി 31നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

