മനുഷ്യന്റെ ആശയും ആശങ്കയും പറഞ്ഞ് ‘ഒപ്പറ’ ചലച്ചിത്രോത്സവം
text_fields‘ഒപ്പറ’ ഫിലിം സൊസൈറ്റിയും മാനന്തവാടി ഗവ. കോളജും നടത്തിയ ചലച്ചിത്രോത്സവം പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്യുന്നു
മാനന്തവാടി: സഹജീവികളുടെ വേദനയും നിലവിളിയും ചരിത്രവും വർത്തമാനവും അടങ്ങിയ കലാമൂല്യമുള്ള സിനിമകൾ കാണാൻ സമയം കണ്ടെത്തുന്നത് തന്നെ സാംസ്കാരിക പ്രവർത്തനമാണെന്ന് പത്മശ്രീ ചെറുവയൽ രാമൻ പറഞ്ഞു. ‘ഒപ്പറ’ ഫിലിം സൊസൈറ്റി വയനാടും മാനന്തവാടി ഗവ. കോളജും സംയുക്തമായി നടത്തിയ ഏകദിന ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളജ് ഡിജിറ്റൽ തിയറ്ററിൽ നടന്ന പ്രദർശനം കാണാൻ നിരവധി പേരാണ് എത്തിയത്.
എം.കെ. രാംദാസ് സംവിധാനം ചെയ്ത ‘നെകൽ ക്രോണിക്കിൾ ഓഫ് ദ പാഡിമാൻ’ ഡോക്യുമെന്ററിയായിരുന്നു ഉദ്ഘാടന ചിത്രം. ചെറുവയൽ രാമന്റെ ജീവിതാന്വേഷണങ്ങളെ അനാവരണം ചെയ്യുന്ന ചിത്രത്തെ അധികരിച്ച് നടന്ന ഓപൺഫോറം സി.കെ. ജാനു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചെറുവയൽ രാമൻ, തൃശിലേരിയിലെ ജൈവകർഷകനും മികച്ച കർഷകനുള്ള സംസ്ഥാന പുരസ്കാര ജേതാവുമായ ഒ.വി. ജോൺസൺ എന്നിവർ പങ്കെടുത്തു. മാധ്യമപ്രവർത്തക വി.സി. ആശ മോഡറേറ്ററായിരുന്നു. വിത്തുകളുടെ രാഷ്ടീയം, ഹരിതവിപ്ലവം, ജൈവകൃഷി, ആഗോളകുത്തകകൾ തീരുമാനിക്കുന്ന ഭക്ഷണവും മരുന്നും തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ ചിത്രം ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’, മാനന്തവാടി ഗവ. കോളേജ് വിദ്യാർഥികൾ ഒരുക്കിയ ഷോട്ട്ഫിലിമുകളായ ‘ഡെപ്ത്’ , ‘മെറ്റീരിയ’, ഇന്ത്യയിൽ നിന്ന് ഇക്കുറി ഓസ്കാർ നോമിനേഷൻ നേടിയ നീരജ് ഗയ്വാൻ സംവിധാനം ചെയ്ത ‘ഹോംബൗണ്ട്’ എന്നിവ പ്രദർശിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. കെ. അബ്ദുൽസലാം അധ്യക്ഷതവഹിച്ചു. ഒപ്പറ ഫിലിം സൊസൈറ്റി പ്രസിഡന്റ് മണികണ്ഠൻ സി, സെക്രട്ടറി അറവൻ, ഡോ.ജൽസൺ ജേക്കബ്, എ.കെ. സുമേഷ്, സ്റ്റുഡൻസ് യൂനിയൻ ചെയർപേഴ്സൻ വി. ദർശന എന്നിവർ സംസാരിച്ചു.
കോളജ് ഫിലിം ക്ലബ് കോഓഡിനേറ്റർ ഡോ. എം സ്മിത സ്വാഗതവും ഒപ്പറ ഫിലിം സൊസൈറ്റി ടെക്നിക്കൽ ഹെഡ് കെ.എ. അരുൺ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

