ഈ വർഷം 500 കോടി ക്ലബ്ബിൽ ഇടം നേടിയത് ഒരേയൊരു ഇന്ത്യൻ സിനിമ മാത്രം
text_fieldsസിനിമ വിജയിക്കുക എന്നത് അഭിനേതാക്കളുടെയും സിനിമ പ്രവർത്തകരുടെയും സ്വപ്നമാണ്. ഇപ്പോൾ കോടി ക്ലബുകളാണ് സിനിമയുടെ വിജയത്തിന്‍റെ അടിസ്ഥാനമായി പലരും കണക്കാക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യൻ സിനിമകൾ 100 കോടി ക്ലബിൽ കയറുക എന്നത് സാധാരണമാണ്. എന്നാൽ 500 കോടി എത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. നിരവധി സിനിമകൾ റിലീസായിട്ടും 2025ൽ 500 കോടി ക്ലബിൽ കയറിയ ഒരേയൊരു ഇന്ത്യൻ ചിത്രമേയുള്ളു.
2025ൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ഛാവയാണ്. ഛത്രപതി സംബാജി മഹാരാജായി വിക്കി കൗശൽ അഭിനയിച്ച ഛാവയിൽ രശ്മിക മന്ദാനയാണ് നായിക. മറാത്ത സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ഭരണാധികാരിയും ഛത്രപതി ശിവാജി മഹാരാജിന്റെ മകനുമായ സംബാജി മഹാരാജിന്റെ ജീവിതത്തിന്റെ പുനരാഖ്യാനമാണ് ഈ ചിത്രം. ഫെബ്രുവരി 14നാണ് ചിത്രം തിയറ്ററിൽ എത്തിയത്.
സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം ചിത്രം ലോകമെമ്പാടുമായി 807.6 കോടി രൂപ വരുമാനം നേടി. അതിൽ 600 കോടിയിലധികം രൂപ ഇന്ത്യൻ വിപണിയിൽ നിന്ന് മാത്രം ലഭിച്ചതാണ്. ആദ്യദിനം തന്നെ ഇന്ത്യയിൽ നിന്നും 33 കോടി രൂപയും, ലോകമെമ്പാടുമായി 50 കോടി രൂപയും കളക്ഷൻ നേടിയിരുന്നു. മികച്ച പ്രതികരണങ്ങൾക്ക് ശേഷം മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറിയ സിനിമയെന്ന റെക്കോഡും ഛാവ സ്വന്തമാക്കി. വിക്കിയുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയായി ഛാവ മാറി.
ഡിസംബർ ആറിന് ആയിരുന്നു ആദ്യം ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുഷ്പ 2വിന്റെ റിലീസിനോട് അനുബന്ധിച്ചാണ് ഛാവയുടെ റിലീസ് മാറ്റിയത്. അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിച്ചത്. എ. ആർ. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

