ഒലിവിയ മോറിസ്, റേ സ്റ്റീവൻസൻ, അലിസൺ ഡൂഡി... വിദേശി താരനിരയുമായി 'ആർആർആർ
text_fieldsബ്രഹ്മാണ്ഡ സംവിധായകൻ രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' സിനിമയുമായി ബന്ധപ്പെട്ട പുത്തൻ വിശേഷങ്ങളെല്ലാം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. പ്രധാന വേഷങ്ങളിൽ വിദേശി താരങ്ങളും അണിനിരക്കുന്ന സിനിമയാണ് 'ആർആർആർ'. ഹോളിവുഡ് തീയേറ്റർ ആർട്ടിസ്റ്റും നടിയുമായ ഒലിവിയ മോറിസ്, റേ സ്റ്റീവൻസൻ, അലിസൺ ഡൂഡി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന വിദേശി താരങ്ങൾ.
ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ നായികയായ ജെന്നിഫർ ആയിട്ടാണ് ഒലിവിയ എത്തുന്നത്. സ്കോട്ട് ആയി റേ സ്റ്റീവൻസനും ലേഡി സ്കോട്ട് ആയി അലിസൺ ഡൂഡിയും വേഷമിടുന്നു. ദസറ റിലീസായി 2021 ഒക്ടോബർ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, നിത്യ മേനോൻ തുടങ്ങി ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വി. വിജയേന്ദ്രപ്രസാദാണ്.
ഡി.വി.വി ധനയ്യയാണ് 300 കോടി രൂപ ചെലവിൽ ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ പട പൊരുതിയ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ ചരിത്ര കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.

