ബെൻസിന്‍റെ അൻപ് വിജയ് സേതുപതി ആയിരുന്നില്ല, അത് ആ തമിഴ് നടൻ -തരുൺ മൂർത്തി
text_fieldsമലയാളത്തിലെ എക്കാലത്തെയും മികച്ച വിജയ സിനിമകളിൽ ഒന്നാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം തുടരും. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ശോഭന കോംമ്പോ ഒന്നിച്ചു എന്നതായിരുന്നു ചിത്രത്തിന്‍റെ വലിയൊരു പ്രത്യേകത. അതുപോലെ തന്നെ ആഘോഷിക്കപ്പെട്ടതാണ് ചിത്രത്തിലെ വിജയ് സേതുപതിയുടെ സാന്നിധ്യവും. ഇപ്പോഴിതാ, തുടരും സിനിമയിൽ മോഹൻലാലിന്റെ സുഹൃത്ത് കഥാപാത്രമായി ആദ്യം ചിന്തിച്ചത് വിജയ് സേതുപതിയെ ആയിരുന്നില്ലെന്ന് പറയുകയാണ് തരുൺ മൂർത്തി. തമിഴ് നടൻ വിജയകാന്താണ് ആ കഥാപാത്രത്തിനായി മനസിൽ ഉണ്ടായിരുന്നതെന്ന് തരുൺ വെളിപ്പെടുത്തി. നോണ പ്രിൻസ് യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആദ്യം ഞാൻ കാപ്റ്റനെക്കുറിച്ച് ചിന്തിച്ചത് ആ കാലഘട്ടത്തിന്റെ പേരിലാണ്... മോഹൻലാലിനൊപ്പം വിജയകാന്ത്, രജനീകാന്ത്, കമൽഹാസൻ, അത് കൂടുതൽ വിശ്വസനീയമാണ്. പക്ഷേ ആസമയത്ത് ഒരുപാട് സിനിമകളിൽ വിജയകാന്ത് റഫറൻസുകൾ വരുന്നുണ്ടായിരുന്നു. എന്നാൽ മരണശേഷം അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നത് നല്ലതാണെന്ന് ഞാൻ കരുതിയില്ല. വിജയ് സേതുപതി സാർ മോഹൻലാൽ സാറിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ ഓഫിസിൽ ഒരു ഓട്ടോഗ്രാഫ് മാത്രമേ ഫ്രെയിം ചെയ്തിട്ടുള്ളൂ, അത് മോഹൻലാലിന്‍റേതാണ്. വിജയ് സേതുപതി നല്ലൊരു ഓപ്ഷൻ ആയിരിക്കുമെന്ന് തോന്നി. അത് ഒരിക്കലും ആരും പ്രതീക്ഷിക്കാത്ത ഒരു കോംമ്പോ ആയിരിക്കും, ഒന്നു ട്രൈ ചെയ്ത് നോക്കിയാലോ എന്ന് ഞാൻ നിർമാതാവിനോട് ചോദിച്ചു. അങ്ങനെയാണ് വിജയ് സേതുപതിക്ക് മെയിൽ അയക്കുന്നത്. അദ്ദേഹം വളരെപ്പെട്ടെന്ന് തന്നെ മറുപടി നൽകി' -തരുൺ മൂർത്തി പറഞ്ഞു.
മോഹന്‍ലാലിന്‍റെ കരിയറിലെ 360ാം ചിത്രമാണ് തുടരും. റിലീസ് ദിനത്തില്‍ ചിത്രത്തിന്‍റെ നെറ്റ് കലക്ഷന്‍ 5.25 കോടിയായിരുന്നു. രണ്ടാം ദിനത്തില്‍ ചിത്രത്തിന് വന്‍ അഭിപ്രായം ലഭിച്ചതോടെ ഇത് 8.6 കോടിയായി. ആദ്യ ഞായറാഴ്ച 10.5 കോടിയായും കലക്ഷൻ വർധിച്ചു. എമ്പുരാന് ശേഷം ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന മലയാള ചിത്രമായി തുടരും മാറിയിരുന്നു. അന്തിമ ബോക്സ് ഓഫിസ് കണക്കുകൾ പ്രകാരം ചിത്രം ലോകമെമ്പാടുമായി ഏകദേശം 237.37 കോടി കലക്ഷൻ നേടിയിട്ടുണ്ട്.
ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചത്. തരുൺ മൂർത്തിയും കെ. ആർ. സുനിലും ചേർന്നാണ് തിരക്കഥ. ബിനു പപ്പു, മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, കൃഷ്‌ണ പ്രഭ, തോമസ് മാത്യു, അമൃത വർഷിണി, അബിൻ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

