‘രംഗണ്ണൻ അല്ല’; ആവേശത്തിലെ ആ കഥാപാത്രത്തിന്റെ ആരാധകനെന്ന് അജു വര്‍ഗീസ്
text_fieldsഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഏപ്രിൽ 11ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ വൻ വിജയമായിരുന്നു. ഏകദേശം 154 കോടിയോളമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ആവേശത്തിലെ തന്റെ പ്രിയപ്പെട്ട കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് നടൻ അജു വർഗീസ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ ഈയിടെ കണ്ട സിനിമകളിലൂടെ തനിക്ക് ഒരുപാട് ഇഷ്ടമായ കഥാപാത്രങ്ങളെ കുറിച്ചും നടൻ പറയുന്നുണ്ട്.
ആവേശത്തിലെ സജിൻ ഗോപു ചെയ്ത അമ്പാനെയാണ് ഇഷ്ടമായത്. സജിന്‍ ഗോപു മികച്ചൊരു നടനാണ്.ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. ചുരുളിയിലെ സജിന്‍ ആയിരുന്നില്ല ജാനേ മന്നില്‍ ഉണ്ടായിരുന്നത്. ആ സജിനേ അല്ലായിരുന്നു ആവേശത്തില്‍ കണ്ടത്. രോമാഞ്ചത്തില്‍ മറ്റൊരു സജിനാണ്. അമ്പാനും രോമാഞ്ചത്തിലെ നിരൂപും ഒരുപോലെ തോന്നാം, പക്ഷെ രണ്ടും രണ്ടാണ്. ഇവരൊക്കെ നമ്മളെ ഒരുപാട് എന്റര്‍ടൈന്‍ ചെയ്യിക്കുന്നുണ്ട്.
അതുപോലെ പ്രേമലുവിലെ 'പെണ്ണേ നീ നിര്‍ത്തിക്കോ'എന്ന് പറഞ്ഞ ഷമീറിനെ ഒരുപാട് ഇഷ്ടമായി. പിന്നെ ജോമോന്‍ ജ്യോതിറിനെയും സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആക്ടീവായിട്ടുള്ള കാര്‍ത്തിക് ശങ്കറിനെയും ഇഷ്ടമാണ്- അജു വർഗീസ് പറഞ്ഞു.

