വിവാദങ്ങൾക്ക് അന്ത്യം; ബേബി ഗേളിൽ നിവിൻ പോളി തുടരും; വീഡിയോ പങ്കുവെച്ച് അണിയറ പ്രവർത്തകർ
text_fieldsബേബി ഗേൾ എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്ത് നടൻ നിവിൻ പോളി. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് നിവിൻ പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്തതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മാജിക് ഫ്രെയിസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.
കഴിഞ്ഞ ദിവസം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കൊച്ചിയിൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടെ പേരോ കുറ്റമോ പരാമർശിക്കാതെ ഒരു നടനെതിരെ പരസ്യ പ്രതികരണം നടത്തിയിരുന്നു. 'മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട്' എന്നായിരുന്നു ലിസ്റ്റിന്റെ പ്രതികരണം. ഇത് നിവിൽ പോളിയാണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉടലെടുത്തു. ഇതിനുപിന്നാലെ ലിസ്റ്റിനെതിരെ നിർമാതാവ് സാന്ദ്ര തോമസ് അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.
എന്നാൽ താൻ നിവിൻ പോളിയുടെ പേര് പറഞ്ഞിട്ടില്ലെന്ന് ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കിയിരുന്നു. മറ്റുള്ളവർ പറയുന്നതിന് തനിക്കൊന്നും ചെയ്യാൻ പറ്റില്ലെന്നും താൻ പറഞ്ഞ കാര്യങ്ങൾക്ക് തനിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും ബോധ്യത്തോട് കൂടിയാണ് പറഞ്ഞതെന്നും ലിസ്റ്റിൻ പ്രതികരിച്ചിരുന്നു. ഇപ്പോൾ അണിയറപ്രവർത്തകർ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ എല്ലാ അഭ്യൂഹങ്ങൾക്കും വ്യക്തമായ മറുപടി ലഭിച്ചതായാണ് ആരാധകർ പറയുന്നത്.
ഗരുഡൻ എന്ന സിനിമയ്ക്ക് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേൾ. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. നിവിൻ പോളിയും ലിജോമോൾ ജോസുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യം കുഞ്ഞാക്കോ ബോബനായിരുന്നു ചിത്രത്തിലെ നായകനെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ കുഞ്ചാക്കോ ബോബന് പകരം നിവിൻ പോളി ചിത്രത്തിലേക്ക് എത്തുകയായിരുന്നു. ബേബി ഗേൾ നിർമിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

