നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം 'ബത്‍ലഹേം കുടുംബ യൂണിറ്റ്' അണിയറയിൽ...
text_fieldsപ്രേക്ഷകരുടെ മനം കവർന്ന ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ നടൻ നിവിൻ പോളിയും ബ്ലോക്ക്ബസ്റ്റർ ചിത്രം പ്രേമലു ടീമും ആദ്യമായി ഒന്നിക്കുന്ന ബത്‍ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഇന്ന് സിനിമാ മേഖലയിലെ പ്രശസ്ത വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ.ഡി ഒരുക്കുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായിക. സംഗീത് പ്രതാപും ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട്.
തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളായ വിജയ്, ധനുഷ്, സൂര്യ, പ്രദീപ് രംഗനാഥൻ എന്നിവരുടെ നായികയായ ശേഷം മമിത മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ബത്‍ലഹേം കുടുംബ യൂണിറ്റിനുണ്ട്. സർവ്വം മായയിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയ നിവിൻ, റൊമാന്‍റിക് കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗിരീഷ് എ.ഡിയോടൊപ്പം ഒരുമിക്കുമ്പോള്‍ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാവുകയാണ് ബത്‍ലഹേം കുടുംബ യൂണിറ്റ്.
റൊമാന്‍റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമാണം. പ്രേമലുവിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണ് ബത്‍ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനങ്ങൾ: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, സ്റ്റിൽസ്: റിൻസൺ എം.ബി, പി.ആർ.ഒ: ആതിര ദിൽജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

