മമ്മൂക്കയാണ് പ്രചോദനം; മെഗാസ്റ്റാറിന്റെ ബയോപിക്ക് ഉടൻ ഉണ്ടാകുമോ? നിവിൻ പറയുന്നു
text_fieldsസിനിമയിലേക്ക് വരാൻ പ്രചോദനമായത് നടൻ മമ്മൂട്ടിയാണെന്ന് നിവിൻ പോളി. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ മമ്മൂട്ടിയുടെ ബയോപിക്കിനെക്കുറിച്ചും നിവിൻ അഭിമുഖത്തിൽ സംസാരിച്ചു.
സിനിമ ഇന്റസ്ട്രിയ്ക്ക് അകത്ത് എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനമായ വ്യക്തി മമ്മൂക്കയാണ്. തുടക്കം മുതൽ അങ്ങനെ തന്നെയാണ്. പല അഭിമുഖങ്ങളിലും അക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. സിനിമയിലേക്ക് വരാൻ എനിക്ക് പ്രചോദനമായതും മമ്മൂക്ക തന്നെയാണ്- നിവിൻ പോളി പറഞ്ഞു.
കുറച്ചു നാളുകൾക്ക് മുമ്പ് മമ്മൂട്ടിയുടെ ഒരു ബയോപിക് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ജൂഡ് ആന്റണി പറഞ്ഞിരുന്നു. നിവിൻ ആകും ഓൺസ്ക്രീനിൽ മെഗാസ്റ്റാറാവുകയെന്നാണ് അന്ന് പറഞ്ഞത്. എന്നാൽ ബയോപിക്കിനെക്കുറിച്ചുള്ള അവസാനതീരുമാനമെടുക്കേണ്ടത് മമ്മൂട്ടിയാണെന്നാണ് നിവിൻ പറയുന്നത്. 'ഒരാഗ്രഹത്തിന്റെ പുറത്ത് പണ്ട് മമ്മൂക്കയെ സമീപിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് താൽപര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. 2018 സിനിമ കഴിഞ്ഞിട്ടും ജൂഡ് മമ്മൂക്കയോട് സംസാരിച്ചെന്ന് തോന്നുന്നു. മമ്മൂക്കയാണല്ലോ തീരുമാനിക്കേണ്ടത്. ഇപ്പോൾ വേണ്ടാന്ന് അദ്ദേഹത്തിന്റെ തീരുമാനം- നിവിൻ ക്ലബ്ബ് എഫ്എമ്മിനോട് പറഞ്ഞു.
മലയാളി ഫ്രം ഇന്ത്യയാണ് ഏറ്റവും പുതിയ നിവിൻ പോളി ചിത്രം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം മെയ് ഒന്നിനാണ് തിയറ്ററുകളിലെത്തിയത്. സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. അനശ്വര, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

