
ബോളിവുഡ് സംവിധായകൻ നിഷികാന്ത് കാമത്തിെൻറ നില ഗുരുതരം
text_fieldsഹൈദരാബാദ്: ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്തിെൻറ (50) നില ഗുരുതരമായി തുടരുന്നു. വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് ആശുപത്രിയിൽ കഴിയുന്നതെന്ന് നടൻ റിതേഷ് ദേശ്മുഖ് അറിയിച്ചു. നേരത്തെ ഇദ്ദേഹം മരിച്ചതായി അഭ്യൂഹങ്ങൾ വന്നിരുന്നെങ്കിലും അത് തെറ്റാണെന്നും റിതേഷ് അറിയിച്ചു. കരൾരോഗത്തെ തുടർന്നാണ് ഇദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മോഹൻലാൽ ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. ഇർഫാൻ ഖാൻ നായകനായ മദാരി, ജോൺ എബ്രഹാം നായകനായ ഫോഴ്സ്, മുംബൈ മേരി ജാൻ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. മറാത്തി ഭാഷയിലും സിനിമകൾ ചെയ്തിട്ടുണ്ട്. 2005ൽ ഡോംബിവാലി ഫാസ്റ്റ് എന്ന മറാത്തി ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തെത്തുന്നത്. ഈ ചിത്രം ദേശീയ പുരസ്കാരം നേടിയിരുന്നു.
ഡാഡി, ജൂലി 2, റോക്കി ഹാൻഡ്സം, ഭവേശ് ജോഷി തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന സിനിമകൾ. ദി ഫൈനൽ കോൾ, റംഗ്ബാസ് ഫിർസ്, എന്നീ വെബ് സീരീസുകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായിരുന്നു. മോഹൻലാൽ-ജീതു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ മലയാളത്തിലെ ഹിറ്റ് ചിത്രമായ ദൃശ്യം അജയ് ദേവ്ഗൺ, തബു തുടങ്ങിയവരെ അണിനിരത്തി 2015ലാണ് ഹിന്ദിയിൽ ദൃശ്യം എന്ന പേരിൽ തന്നെ പുറത്തിറക്കിയത്. ചിത്രം ഹിന്ദിയിലും സൂപ്പർ ഹിറ്റായി മാറി.
