കുഞ്ഞിന്റെ ഭാവി ജീവിതത്തിൽ ആശങ്കയുണ്ട്; വെളിപ്പെടുത്തലുമായി ആലിയ ഭട്ട്
text_fieldsമാതാപിതാക്കളുടെ താരമൂല്യം കുട്ടികളുടെ സ്വകാര്യതയെ ബാധിക്കാറുണ്ട്. ഭാവിയിൽ കുട്ടികൾക്ക് ഇതൊരു വലിയ തലവേദനയാവാറുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുഞ്ഞിന്റെ സ്വകാര്യതയെ കുറിച്ച് ആലിയ ഭട്ട് പറഞ്ഞ വാക്കുകളാണ്. ഗർഭകാലത്ത് മേരി ക്ലെയറുമായി നടത്തിയ അഭിമുഖത്തിലാണ് കുഞ്ഞിന്റെ ഭാവി ജീവിതത്തെ കുറിച്ചുളള ആശങ്ക പങ്കുവെച്ചത്. കുട്ടിയെ പൊതുസമൂഹത്തിൽ വളർത്തുന്നതിൽ തനിക്ക് ആശങ്കയുണ്ടെന്നാണ് നടി പറഞ്ഞത്. കൂടാതെ തന്റെ അതേ പാതയിലൂടെ സഞ്ചരിക്കണമെന്ന് ആഗ്രഹമില്ലെന്നും കൂട്ടിച്ചേർത്തു.
'ഇന്നത്തെ പൊതുസമൂഹത്തിൽ ഒരു കുഞ്ഞിനെ വളർത്താൻ എനിക്ക് അൽപം ആശങ്കയുണ്ട്. ഇതിനെ കുറിച്ച് തന്റെ ഭർത്താവിനോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിച്ചിരുന്നു. എന്റെ കുഞ്ഞിന്റെ ജീവിതത്തിലേക്ക് ഒരു തരത്തിലുളള കടന്നു കയറ്റവും ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ഞാൻ ഈ പാത തെരഞ്ഞെടുത്തു, പക്ഷേ എന്റെ കുട്ടി വളരുമ്പോൾ ഈ പാത തെരഞ്ഞെടുക്കാൻ ആഗ്രഹിച്ചേക്കില്ല - ആലിയ അഭിമുഖത്തിൽ പറഞ്ഞു.
നവംബറിലാണ് ആലിയ ഭട്ടിനും രൺബീർ കപൂറിനും മകൾ ജനിക്കുന്നത്. താരങ്ങൾ തന്നെയാണ് പുതിയ അതിഥി എത്തിയ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

