ഇതൊക്കെ ആരേലും കാശു മുടക്കി കാണുമോ? കണ്ടില്ലേൽ കുത്തിക്കൊല്ലും; 'പി.ഡബ്ല്യു.ഡി' ട്രെയിലർ
text_fieldsഡ്രൈവിങ് ലൈസൻസിലും പാസ്പോർട്ടിലും ഉള്ളതുപോലെ മാര്യേജ് സർട്ടിഫിക്കറ്റിലും കാലാവധി നിർണയിക്കുന്ന ഒരു തിയതി വേണമെന്ന പ്രകോപനപരമായ ആശയം പറയുന്ന പി.ഡബ്ല്യു.ഡി (PWD - proposal Wedding divorce) യുടെ ട്രെയിലർ ഇറങ്ങി. 'നമ്മുടെ മാര്യേജ് സർട്ടിഫിക്കറ്റിൽ എക്സ്പയറി ഡേറ്റ് വേണം. ആവശ്യമുണ്ടെങ്കിൽ റിന്യൂ ചെയ്യാം. വർഷങ്ങൾക്ക് ശേഷം വിവാഹിതനായ ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ കാണുമ്പോൾ കുശലം ചോദിക്കുന്നതുപോലെ നിങ്ങളുടെ വിവാഹത്തിന്‍റെ കാലാവധി കഴിഞ്ഞോ? എന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത്.
തികച്ചും കളർഫുൾ ആയ ഒരു സെറ്റിങ്ങിൽ പഴയകാല പ്രിയൻ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം ഊട്ടിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് പി.ഡബ്ല്യു.ഡി. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, കാതൽ, ആട്ടം തുടങ്ങി ഇന്ത്യൻ സംസ്കാരത്തെ പരാമർശിച്ച് ചർച്ച ചെയ്യുന്ന വേറിട്ട ചിന്തയിലൂന്നിയ സിനിമകൾ പ്രേക്ഷകരിൽ ചിലരെയെങ്കിലും അലോസരപ്പെടുത്താറുണ്ട്. ഇന്ത്യൻ വിവാഹ നിയമങ്ങളുടെ കാതലായ വ്യവസ്ഥ അത് ജീവിതാവസാനം വരെയുള്ള ഒരു ബന്ധം ആകണമെന്നാണ്. അതിനെ തീർത്തും തിരുത്തി കുറിക്കുന്ന ആശയവുമായാണ് പി.ഡബ്ല്യു.ഡി എത്തുന്നത്.
മാര്യേജ് സർട്ടിഫിക്കറ്റിൽ കാലാവധി തീരുമാനിക്കുന്ന ഒരു തിയതി എന്ന ആശയം തികച്ചും ബാലിശവും പുതുതലമുറക്ക് അംഗീകരിക്കാൻ കഴിയാത്ത ചിന്തയുമാണന്ന കമന്‍റുകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞിരുന്നു. ഒരു ഡിബേറ്റ് കോൺവർസേഷൻ തരത്തിലുള്ള റോം കോം ഴോണർ ചിത്രമാണിതെന്നും ഒരിക്കലും ഇത് ഇന്ത്യൻ മാര്യേജ് നിയമങ്ങളെ കളിയാക്കുന്ന സിനിമയല്ലെന്നുമാണ് സംവിധായകൻ ജോ ജോസഫ് മറുപടി നൽകിയത്.
ചിത്രത്തിന്‍റെ രചനയും സംവിധാനവും നവാഗതനായ ജോ ജോസഫാണ് നിർവ്വഹിക്കുന്നത്. സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് നാഷണൽ അവാർഡ് വിന്നർ സിനോയ് ജോസഫാണ്. ശ്യാം ശശിധരൻ എഡിറ്റിങ്ങും സിദ്ധാർത്ഥ് പ്രദീപ് സംഗീതവും ബ്രിട്ടീഷ് സിനിമാട്ടോഗ്രാഫർ സൂസൻ ലംസ്ഡൺ ആണ് ഛായാഗ്രഹണ ഡിപ്പാർട്ട്മെന്‍റ് നിർവഹിച്ചിരിക്കുന്നത്. ഇതൊക്കെ ആരേലും കാശു മുടക്കി കാണുമോ? എന്ന ചോദ്യത്തിന് കണ്ടില്ലേൽ കുത്തിക്കൊല്ലും എന്ന രീതിയിലുള്ള പ്രൊമോഷൻ ചെയ്യും എന്ന മറുപടിയുമായാണ് ട്രെയിലർ അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

