മുഴുനീള എൻ.എസ്.എസ് ക്യാമ്പ്; ലിജീഷ് കുമാറിന്‍റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്‍റെ സിനിമ വരുന്നു
text_fieldsകൊച്ചി: എക്സ്ട്രാ ഡീസന്‍റ്, ആയിഷ തുടങ്ങിയ സിനിമകൾക്കുശേഷം പുതിയ ചിത്രവുമായി ആമിർ പള്ളിക്കൽ. മുഴുനീള എൻ.എസ്.എസ് ക്യാമ്പാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ലിജീഷ് കുമാറിന്‍റേതാണ് തിരക്കഥ. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റും പ്രൊഡക്ഷൻ കമ്പനി ലോഞ്ചും കൊച്ചിയിൽ ഒക്ടോബർ രണ്ടിന് നടക്കും.
മലയാളത്തിലാദ്യമായി ഒരു മുഴുനീള എൻ.എസ്.എസ് ക്യാമ്പുപടമാണ് ഇതെന്ന് സംവിധായകൻ ആമിർ പള്ളിക്കൽ ഫേസ്ബുക്കിൽ കുറിച്ചു. ‘കുറഞ്ഞത് ഒരു പത്തുനാൽപ്പത്തഞ്ചു ദിവസത്തെ ഷൂട്ടെങ്കിലും കാണും ഒരു സിനിമയ്ക്ക്. കഴിഞ്ഞ രണ്ടു സിനിമ ചെയ്യുമ്പോഴും പ്രിയപ്പെട്ട ക്രൂ മെമ്പേഴ്സിനോട് പറയാൻ ശ്രമിച്ചത്, നമ്മളൊരു എൻ എസ് എസ് ക്യാമ്പിലാണെന്ന് വിചാരിച്ച് അടുത്ത നാൽപ്പത്തഞ്ച് ദിവസവും ആത്മാർത്ഥമായങ്ങ് പൊളിച്ചേക്കണം എന്നാണ്. അപ്പോഴൊന്നും ഓർത്തിരുന്നില്ല ശരിക്കുമുള്ള ഒരു എൻഎസ്എസ് ക്യാമ്പ് എന്നെങ്കിലും സിനിമയായി ചെയ്യുമെന്ന്. ഈ സിനിമ അതാണ്. മലയാളത്തിലാദ്യമായി ഒരു മുഴുനീള എൻഎസ്എസ് ക്യാമ്പുപടം. നിങ്ങളുടെ ക്യാമ്പസ് ഓർമകളിലുമുണ്ടാകും പാട്ടും പഞ്ചാരയുമായി പാറിപ്പറന്ന, ഫീൽ ചെയ്യിക്കുന്ന രസമുള്ള എൻഎസ്എസ് കാലവും, ഓർത്തോർത്ത് ചിരിക്കുന്ന ഒരുപാട് തമാശകളും. എല്ലാം ഒന്നോർത്തെടുക്കണ്ടേ നമുക്ക്....’ -ആമിർ കുറിച്ചു.
ആമിർ പള്ളിക്കലിന്‍റെ സംവിധാനത്തിൽ തന്‍റെ ആദ്യ സിനിമയാണിതെന്ന് തിരക്കഥ രചിക്കുന്ന ലിജീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ‘സുഹൃത്തുക്കൾക്ക് വേണ്ടി എന്തു സാഹസവും ചെയ്യും എന്നൊരു ദുഷ്പേര് എനിക്ക് പണ്ടേയുണ്ട്. ആമിർ പ്രിയപ്പെട്ട സുഹൃത്താണ്. ഇത് ആമിറിനു വേണ്ടിയാണ്. ആയിഷയും ഇ.ഡിയും കഴിഞ്ഞ് ഒരു ദിവസം ആമിർ വന്നു പറഞ്ഞു, “നമുക്കൊരു പടം ചെയ്യണം.” എന്തും പോവും ആമിറിന്‍റെ വണ്ടിയിലെന്ന് ചെയ്ത രണ്ടു സിനിമകളുടെ ഡൈവേഴ്സിറ്റി വെച്ച് എനിക്കറിയാം. അതുകൊണ്ട് ഞാനൂന്നി ചോദിച്ചു, ഇനി എന്തു പടം ചെയ്യണമെന്നാണ് മനസിൽ? “കൊമേഴ്സ്യലാവണം” ആമിറ് പറഞ്ഞു. “യൂത്താണ് രസം, ഒരു നൊസ്റ്റാൾജിക് ഫീലൊക്കെ കിട്ടണം, ലൗ ട്രാക്കാണെങ്കിൽ സന്തോഷം..” ആമിറങ്ങനെ ആഗ്രഹങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടിരുന്നു. പ്രേമം - യൗവനം - നൊസ്റ്റാൾജിയ !! കോമ്പിനേഷനൊക്കെ രസമുണ്ട്. പക്ഷേ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്ന ഒരുത്തനോടു തന്നെ ഇതു പറയണം. ആമിറ് പക്ഷേ പറയും, പറഞ്ഞോണ്ടിരിക്കും. നിങ്ങളെക്കൊണ്ട് പറ്റും പറ്റുമെന്ന് മോട്ടോറാക്കാൻ ആമിറിനെക്കഴിഞ്ഞേ ആളുള്ളൂ. അങ്ങനെ ഒടുവിൽ അത് സംഭവിക്കുകയാണ്. മലയാളത്തിലാദ്യമായി ഒരു മുഴുനീള എൻ.എസ്.എസ് ക്യാമ്പുപടം. ആമിർ പള്ളിക്കലിൻ്റെ സംവിധാനത്തിൽ എന്‍റെ ആദ്യ സിനിമ....’ -ലിജീഷ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

