നയൻതാരയുടെ വിവാഹ വിഡിയോ നെറ്റ്ഫ്ലിക്സിൽ വരുമോ ? ഉത്തരം നൽകി സ്ട്രീമിങ് പ്ലാറ്റ്ഫോം
text_fieldsജൂൺ ഒമ്പതിനായി തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. ഷാരൂഖ് ഖാൻ, എ.ആർ റഹ്മാൻ, രജനീകാന്ത്, സൂര്യ തുടങ്ങിയ ഇന്ത്യൻ സിനിമലോകത്ത് നിന്നുമുള്ള നിരവധി പേരാണ് വിവാഹചടങ്ങിനെത്തിയത്.
വിവാഹ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വഴി സംപ്രേഷണം ചെയ്യുമെന്നായിരുന്നു വാർത്തകൾ. എന്നാൽ, വിവാഹ വിഡിയോയുടെ സംപ്രേഷണ കരാറിൽ നിന്നും നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് കമ്പനി.
നയൻതാര-വിഗ്നേഷ് ദമ്പതികളുടെ വിവാഹ വിഡിയോ വൈകാതെ സംപ്രേഷണം ചെയ്യുമെന്നാണ് നെറ്റ്ഫ്ലിക്സ് സീരിസ് ഹെഡ് താന്യ ബാമി അറിയിച്ചിരിക്കുന്നത്. തിരക്കഥകളില്ലാതെ ചിത്രീകരിച്ച വിഡിയോയാണ് കാണിക്കുക. ഇന്ത്യയിലേയും വിദേശത്തേയും പ്രേക്ഷകരെ ലക്ഷ്യംവെച്ചാണ് വിഡിയോ പുറത്തിറക്കുകയെന്നും താന്യ പറഞ്ഞു.
20 വർഷത്തോളമായി സിനിമയിൽ തുടരുന്ന നയൻതാര ഒരു യഥാർഥ സൂപ്പർ സ്റ്റാറാണ്. ഗൗതം വാസുദേവ മേനോൻ, റൗഡ് പിക്ചേഴ്സ് തുടങ്ങിയവരുമായെല്ലാം അവർ പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ വിവാഹ വിഡിയോക്കായി പ്രേക്ഷകരെ ഇനിയും കാത്തുനിൽക്കാൻ അനുവദിക്കില്ലെന്ന് താന്യ കൂട്ടിച്ചേർത്തു.