ലാസ്റ്റ് പ്ലെയിൻ ഔട്ട് ഓഫ് കാബൂൾ... ‘ഞങ്ങളുടെ ട്രോമ തമാശക്കുള്ളതല്ല’; നെറ്റ്ഫ്ലിക്സ് ചിത്രത്തിലെ കാബൂൾ പരാമർശത്തിനെതിരെ പ്രതിഷേധം
text_fieldsനെറ്റ്ഫ്ലിക്സിലെ ‘ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്’ ചിത്രത്തിലെ അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട പരിഹാസ പരമാർശത്തിനെതിരെ പ്രതിഷേധം. ലീന ഖാൻ സംവിധാനം ചെയ്ത് ഹാസ്യനടൻ ഹസൻ മിൻഹാജ് തിരക്കഥയെഴുതിയ ചിത്രത്തിലെ ‘ലാസ്റ്റ് പ്ലെയിൻ ഔട്ട് ഓഫ് കാബൂൾ’ എന്ന സംഭാഷണവുമായി ബന്ധപ്പെട്ടാണ് വിവാദം.
2021 ആഗസ്റ്റ് 15ന് താലിബാൻ കാബൂൾ പിടിച്ചെടുത്തതിനെ തുടർന്നുണ്ടായ ആഭ്യന്തര പ്രശ്നങ്ങളും വിമാനത്താവളത്തിലുണ്ടായ ദുരന്തങ്ങളുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിലെ സംഭാഷണം. ചിത്രത്തിൽ മൈത്രേയി രാമകൃഷ്ണൻ അവതരിപ്പിക്കുന്ന മായ എന്ന കഥാപാത്രമാണ് വിവാദമായ പരാമർശം പറയുന്നത്. ഒരു സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ, ‘Guys throw themselves at you like you're the last plane out of Kabul’ എന്ന പരാമർശമാണ് കഥാപാത്രം നടത്തുന്നത്. പുരുഷൻമാർ തന്റെ പിന്നാലെ വരുന്നതിനെ 2021ലെ കാബൂൾ ഒഴിപ്പിക്കലുമായി താരതമ്യം ചെയ്യുന്നതാണ് സംഭാഷണം. അഫ്ഗാൻ ജനത നേരിട്ട പ്രശ്നങ്ങളെ നിസാരവത്കരിക്കുന്നതാണ് സംഭാഷണമെന്നാണ് ഉയരുന്ന വിമർശനം.
ചിത്രത്തിലെ സംഭാഷണത്തിനെതിരെ ശക്തമായ വിമർശനവുമായി മാധ്യമപ്രവർത്തകയും സ്റ്റോറിടെല്ലറുമായ ഷബ്നം നസീമി ഉൾപ്പെടെയുള്ളവർ രംഗത്തുവന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ഹസൻ മിൻഹാജും സംവിധായിക ലീന ഖാനും മുസ്‍ലിം അമേരിക്കൻ ക്രിയേറ്റീവുകളാണെന്നത് ചൂണ്ടിക്കാട്ടി ഷബ്നം നസീമി വിമർശനം ഉന്നയിച്ചു. ദക്ഷിണേഷ്യൻ അമേരിക്കൻ വ്യക്തിത്വത്തിന്റെ ആഘോഷമായാണ് ചിത്രം അവതരിപ്പിക്കപ്പെടുന്നതെങ്കിലും, അഫ്ഗാൻ ജനതയുടെ വേദനയെ ഇതേ സമൂഹത്തിൽ നിന്നുള്ളവർ തന്നെ തമാശയായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഷബ്നം നസീമി പറഞ്ഞു.
2021 ആഗസ്റ്റ് 15ന് താലിബാൻ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയത്. രാജ്യം വിടാനുള്ള ശ്രമത്തിനിടെ വിമാനത്തിൽ പിടിച്ചുകയറാൻ ശ്രമിച്ചവരിൽ ചിലർ താഴേക്ക് വീണ് മരിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ ‘ലാസ്റ്റ് പ്ലെയിൻ ഔട്ട് ഓഫ് കാബൂൾ’ എന്ന സംഭാഷണം തമാശയായി ഉപയോഗിക്കുന്നത് വേദനാജനകമാണെന്നാണ് വിമർശനം.
അമേരിക്കൻ സൈനിക വിമാനം കാബൂൾ വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ അതിൽ പിടിച്ചുകയറാൻ ശ്രമിച്ച അഫ്ഗാൻ പൗരന്മാരുടെ ദൃശ്യങ്ങൾ 2021ൽ ലോകശ്രദ്ധ നേടിയിരുന്നു. അഫ്ഗാനിസ്താനിലെ ദേശീയ യുവ ഫുട്ബോൾ ടീമിലെ 17കാരനായ സാക്കി അൻവാരിയും വിമാനത്തിൽനിന്ന് വീണ് മരിച്ചവരിൽ ഉൾപ്പെടും. തുടർന്ന് വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപമുണ്ടായ ചാവേർ ആക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
ഹസൻ മിൻഹാജും പ്രശാന്ത് വെങ്കടരാമനുജവും ചേർന്ന് തിരക്കഥ ഒരുക്കി ലീന ഖാൻ സംവിധാനം ചെയ്ത അമേരിക്കൻ കോമഡി ചിത്രമാണ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്. മൈത്രേയി രാമകൃഷ്ണനും പ്രിയങ്ക കേഡിയയും അവതരിപ്പിക്കുന്ന മായ, അഞ്ജലി എന്നീ ബാല്യകാല സുഹൃത്തുക്കളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സെപ്റ്റംബർ 18നാണ് നെറ്റ്ഫ്ലിക്സിൽ ചിത്രം റിലീസ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

