അല്ലു അർജുൻ-അറ്റ്‌ലി ചിത്രം 600 കോടിക്ക് സ്വന്തമാക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്
text_fieldsമുംബൈ: സിനിമയും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള ബന്ധം സമീപകാലത്ത് വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തിയറ്റർ റിലീസിന് ശേഷം ഒ.ടി.ടി സ്ട്രീമിങ്ങിനോടുള്ള പ്രേക്ഷക സ്വീകാര്യത വർധിച്ചതോടെ വമ്പൻ സിനിമകളുടെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കാൻ ഒ.ടി.ടി കമ്പനികൾ കോടികൾ ചെലവഴിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് അല്ലു അർജുന്റെ വരാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘AA22 X A6’ വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്.
‘AA22 X A6’യുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കാനായി ഇപ്പോൾ നെറ്റ്ഫ്ലിക്സ് മുന്നോട്ടുവന്നിരിക്കുകയാണ്. ഏകദേശം 600 കോടി രൂപക്കാണ് കരാർ ചർച്ചകൾ നടക്കുന്നത് എന്നാണ് സൂചന. ചർച്ചകൾ അവസാനഘട്ടത്തിലാണെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കരാർ യാഥാർഥ്യമാകുകയാണെങ്കിൽ, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഒ.ടി.ടി ഡീലുകളിൽ ഒന്നായിരിക്കും ഇത്.
ഏപ്രിലിലാണ് അല്ലു അർജുൻ–അറ്റ്‌ലി കൂട്ടുകെട്ടിലെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൺ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഏകദേശം 1000 കോടി ബജറ്റിലാണ് നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ തന്നെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നായി ചിത്രം മാറുമെന്നാണ് വിലയിരുത്തൽ. ‘പുഷ്പ: ദ റൈസ്’, ‘പുഷ്പ: ദ റൂൾ’ എന്നീ ചിത്രങ്ങളുടെ ചരിത്രവിജയത്തിന് ശേഷമാണ് അല്ലു അർജുൻ ഈ വമ്പൻ പ്രോജക്ടിലേക്ക് കടക്കുന്നത്.
ദീപിക പദുകോൺ, ജാൻവി കപൂർ, രശ്മിക മന്ദാന, മൃണാൾ താക്കൂർ എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഇതിന് പുറമെ ഹോളിവുഡിലെ പ്രമുഖ വി.എഫ്.എക്‌സ് വിദഗ്ധരും പ്രോജക്ടിന്റെ ഭാഗമാണ്. 2026ന്‍റെ പകുതിയോടെ ചിത്രീകരണം പൂർത്തിയാകും. 2027ൽ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

