
തല്ലുമാല കന്നഡ പതിപ്പിൽ നിന്ന് ബീഫിനെ വെട്ടി നെറ്റ്ഫ്ലിക്സ്; വിവാദം
text_fieldsമോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ തല്ലുമാല, ഒ.ടി.ടി റിലീസായതിന് ശേഷവും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായാണ് നെറ്റ്ഫ്ലിക്സിൽ തല്ലുമാല റിലീസായത്. അണിയറ പ്രവർത്തകർ ചിത്രത്തിന് വേണ്ടി നൽകിയ സബ്ടൈറ്റിലിൽ മാറ്റം വരുത്തിയതാണ് ആദ്യ വിവാദം. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ സബ്ടൈറ്റിലില്‍ മാറ്റം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി നെറ്റ്ഫ്ലിക്സിനെതിരെ തല്ലുമാലയുടെ സബ്ടൈറ്റില്‍ തയ്യാറാക്കിയവര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
എന്നാലിപ്പോൾ തല്ലുമാലയുടെ കന്നട പതിപ്പില്‍ നിന്നും ബീഫിനെ പൂര്‍ണമായും വെട്ടിമാറ്റിയതാണ് വിവാദമായിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ രംഗങ്ങൾ മുതൽ പല ഭാഗങ്ങളിലായി സംഭാഷണങ്ങളിൽ ബീഫ് കടന്നുവരുന്നുണ്ട്. ഒരു രംഗത്തിൽ കുറേനേരം ബീഫിനെ കുറിച്ച് സംസാരിക്കുന്നുമുണ്ട്. എന്നാൽ, അത്തരം രംഗങ്ങളിലെ സംഭാഷണത്തിൽ നിന്നും സബ്ടൈറ്റിലുകളിൽ നിന്നും ബീഫിനെ പൂർണ്ണമായും നീക്കുകയായിരുന്നു. പകരം മട്ടനെന്നും കറിയെന്നുമൊക്കെയാണ് പ്രയോഗിച്ചിരിക്കുന്നത്.
മുമ്പും സിനിമകളിൽ നിന്നും മറ്റും ബീഫിനെ വെട്ടിയ ചരിത്രമുള്ള നെറ്റ്ഫ്ലിക്സിനെതിരെ സിനിമാപ്രേമികൾ സമൂഹ മാധ്യമങ്ങളിൽ രംഗത്തുവന്നിട്ടുണ്ട്. ചിലർ, തല്ലുമാലയുടെ കന്നഡ പതിപ്പിന്റെ രംഗങ്ങളും പങ്കുവെച്ചിട്ടുണ്ട്. സംഘപരിവാറിനെ ഭയന്നാണ് നെറ്റ്ഫ്ലിക്സ് ഇത്തരം തരംതാണ പ്രവർത്തി ചെയ്യുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്.