ഓൺലൈൻ വാതുവെപ്പ്കേസ്; നടി നേഹ ശർമക്ക് ഇ.ഡി സമൻസ്
text_fieldsനേഹ ശർമയും പിതാവ് അജിത് ശർമയും
ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടിയും കോൺഗ്രസ് നേതാവ് അജിത് ശർമയുടെ മകളുമായ നേഹ ശർമക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി നടി ഇ.ഡിക്ക് മുന്നിൽ ഹാജരായതായി ഉദ്യോഗസ്ഥർ പി.ടി.ഐയോട് പറഞ്ഞു. നടിയുടെ മൊഴി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) രേഖപ്പെടുത്തുന്നുണ്ടെന്നും അവർ അറിയിച്ചു. വിവിധ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുമായി നടിക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഇതുവരെ നേഹ ഇതേകുറിച്ച് പ്രതികരിച്ചിട്ടില്ല. നേഹക്ക് മുമ്പ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് സോനു സൂദ്, വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, ഉർവശി റൗട്ടേല, ശിഖ ധവാൻ, യുവരാജ് സിങ്, റാണ ദഗ്ഗുബതി തുടങ്ങി നിരവധി സെലിബ്രിറ്റികൾക്കും ഇ.ഡി സമൻസ് അയച്ചിരുന്നു.
ഈ വർഷം ജൂലൈയിൽ പ്രകാശ് രാജിനെയും ഇ.ഡി. വിളിച്ചുവരുത്തിയിരുന്നു. 'ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയിൽ വാതുവെപ്പ് ആപ്പുകളുടെ കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്രകാരം ഞാൻ എത്തിയിട്ടുണ്ട്. 2016ൽ ഞാൻ ചെയ്ത കാര്യമായിരുന്നു അത്. പിന്നീട് ചില ധാർമിക കാരണങ്ങളാൽ അത് പിന്തുടർന്നില്ല. എനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് ഞാൻ അവർക്ക് വിവരം നൽകിയിട്ടുണ്ട്. കാരണം എനിക്ക് അതിൽ നിന്ന് പണം ഉണ്ടാക്കാൻ താൽപ്പര്യമില്ലായിരുന്നു. അവർ എല്ലാ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി, അത്രമാത്രം' -പ്രകാശ് രാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ വർഷം ആഗസ്റ്റിലാണ് വിജയ് ദേവരകൊണ്ടക്ക് സമൻസ് ലഭിക്കുന്നത്. 'ഒരു വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് എന്റെ പേര് ഉയർന്നുവന്നതിനാലാണ് എനിക്ക് സമൻസ് അയച്ചത്. ഇന്ത്യയിൽ വാതുവെപ്പ് ആപ്പുകളും ഗെയിമിങ് ആപ്പുകളും രണ്ട് വ്യത്യസ്ത വിഭാഗങ്ങളുണ്ട്. A23 എന്ന ഗെയിമിങ് ആപ്പാണ് പ്രൊമോട്ട് ചെയ്തതെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. വാതുവെപ്പ് ആപ്പുകളും ഗെയിമിങ് ആപ്പുകളും തമ്മിൽ യാതൊരു ബന്ധവുമില്ല. നിരവധി സംസ്ഥാനങ്ങളിൽ ഗെയിമിങ് ആപ്പുകൾക്ക് നിയമസാധുതയുണ്ട്. അവ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്' -ഇ.ഡി ഓഫിസ് സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

