സൂര്യയുടെ നായികയായി നസ്രിയ; തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ജിത്തു മാധവൻ
text_fieldsസിനിമയുടെ പൂജയുടേതായ് പുറത്തുവന്ന ചിത്രങ്ങൾ
ജിത്തു മാധവന്‍റെ സംവിധാനത്തിൽ തമിഴകത്തെ സൂപ്പർ താരം സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നായികയാകാനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയ താരം നസ്രിയ നസീം. ആവേശത്തിന്‍റെ വിജയത്തിന് ശേഷം ജിത്തു മാധവൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ജിത്തുവിനൊപ്പം നസ്‍ലെനും സുഷിന് ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്.
സൂര്യ പൊലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേതകയും ചിത്രത്തിനുണ്ട്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിർമാണം സൂര്യയുടെ തന്നെ പ്രൊഡക്ഷൻ ഹൗസാണ് നിർവഹിക്കുന്നത്. പൂജയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിട്ടുണ്ട്. ഡിസംബറിൽ എറണാകുളത്ത് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം. ആവേശത്തിന് ശേഷം ജീത്തു ഒരുക്കുന്ന സിനിമ ആയതിനാൽ തന്നെ വലിയ ഹൈപ്പാണ് സിനിമക്ക് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്നത്.
സംവിധായകൻ വെങ്കി അറ്റ്ലൂരിയുടെ സൂര്യ 46 എന്ന് താൽക്കാലികമായി പേരുനൽകിയ ചിത്രമാണ് അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന സൂര്യ ചിത്രം. ചിത്രത്തിൽ മലയാളികളുടെ പ്രിയങ്കരി മമിത ബൈജുവാണ് നായിക. വെട്രിമാരന്‍റെ വാടിവാസലിലും സൂര്യ എത്തുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
തന്‍റെ ആദ്യ ചിത്രമായ രോമഞ്ചത്തിലൂടെതന്നെ സിനിമ മേഖലയിൽ തന്‍റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത സംവിധായകനാണ് ജിത്തു മാധവൻ. പിന്നീട് ആവേശം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ഇന്ത്യൻ ഫിലിം ഇന്‍റസ്ട്രിയിൽതന്നെ ശ്രദ്ധേയനായിമാറി. ഫഹദ് ഫാസിൽ നായകനായ ചിത്രം ബോക്‌സ് ഓഫിസിൽ 150 കോടിയിലധികം കലക്ഷൻ നേടിയിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ സൂക്ഷ്മദർശിനിയിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

