പുരസ്കാരത്തിന്‍റെ ‘പൂക്കാല’ത്തിൽ വിജയരാഘവൻ
text_fields‘പൂക്കാലം’ സിനിമയുടെ പോസ്റ്റർ
കൊച്ചി: ‘പൂക്കാല’ത്തിലെ ഇട്ടൂപ്പിന്‍റെ വേഷത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പിന്നാലെ ദേശീയതലത്തിലും അതേ പുരസ്കാരം വിജയരാഘവനെ തേടിയെത്തിയിരിക്കുന്നു. നൂറ് വയസ്സുള്ള ഇട്ടൂപ്പ് എന്ന പടുവൃദ്ധന്‍റെ സൂക്ഷ്മഭാവങ്ങൾ പകർത്തിയ അഭിനയമികവാണ് മലയാള സിനിമയിൽ അരനൂറ്റാണ്ടിന്‍റെ അനുഭവസമ്പത്തുള്ള വിജയരാഘവന് ദേശീയ പുരസ്കാരത്തിന്‍റെ തിളക്കം സമ്മാനിച്ചത്.
എട്ട് പതിറ്റാണ്ടിന്‍റെ ദാമ്പത്യജീവിതം പിന്നിടുന്ന ഇട്ടൂപ്പ്-കൊച്ചുത്രേസ്യ വയോധികരുടെ ആത്മസംഘർഷവും വൈകാരിക അടുപ്പവുമായിരുന്നു ഗണേശ് രാജ് സംവിധാനംചെയ്ത സിനിമയുടെ പ്രമേയം. ‘ഇട്ടൂപ്പ്’ എന്ന കഥാപാത്രമായി മാറാൻ വിജയരാഘവന് ഏറെ മുന്നൊരുക്കം വേണ്ടിവന്നു.
ആറുമാസം പൂർണമായി സിനിമക്കായി മാറ്റിവെച്ചു. അരിയാഹാരത്തിൽ മാറ്റംവരുത്തി ശരീരഭാരം ഒന്നരമാസംകൊണ്ട് പത്ത് കിലോയോളം കുറച്ചു. 100 വയസ്സുള്ള വയോധികനായി തോന്നിപ്പിക്കാൻ അത്തരമൊരു കഠിനയത്നം അനിവാര്യമായിരുന്നെന്ന് വിജയരാഘവൻ പറയുന്നു. റോണക്സ് സേവ്യറുടെ മേക്കപ് മികവിൽ നോട്ടത്തിലും ചലനങ്ങളിലും രൂപഭാവങ്ങളിലും അദ്ദേഹം പടുവൃദ്ധനായി മാറി. സിനിമയോടൊപ്പം വിജയരാഘവന്‍റെ വേഷവും നടനമികവും ശ്രദ്ധിക്കപ്പെട്ടു.
‘‘ഇട്ടൂപ്പ് എന്ന കഥാപാത്രത്തെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കഥാപാത്രത്തോട് നൂറുശതമാനവും നീതി പുലർത്തണമെന്നുണ്ടായിരുന്നു. ‘പൂക്കാലം’ സംവിധായകനോടും നിർമാതാവിനോടും നന്ദി പറയുന്നു. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചു എന്നതാണ് ഏറ്റവും വലിയ ഭാഗ്യമായി കാണുന്നത്. അഭിനയിച്ചുകഴിയുമ്പോഴാണല്ലോ അവാർഡിന് പരിഗണിക്കപ്പെടുന്നത്. നടൻ എന്ന നിലയിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്യുക എന്നത് എന്നും സന്തോഷമുള്ള കാര്യമാണ്.
അത്തരം കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോൾ ലഭിക്കുന്ന അനുഭൂതി അഭിനേതാക്കൾക്ക് മാത്രമേ മനസ്സിലാകൂ. പുരസ്കാരങ്ങൾ പ്രതീക്ഷിച്ച കാലമുണ്ടായിരുന്നു. അന്ന് കിട്ടിയിട്ടില്ല. ദേശീയ പുരസ്കാരം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഏറെ സന്തോഷത്തോടെ നെഞ്ചോട് ചേർക്കുന്നു’’ -വിജയരാഘവൻ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് പുരസ്കാര വാർത്തയെത്തുമ്പോൾ അദ്ദേഹം ഡബ്ബിങ്ങിനായി എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

