കാനഡയിൽ എമിഗ്രേഷൻ വകുപ്പിന്റെ പിടിയിലല്ല... എന്തെങ്കിലും പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അഹങ്കാരികളാക്കും; വിവാദത്തിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ്
text_fieldsതിരുവനന്തപുരം: കാനഡയിൽ പരിപാടി അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി നന്ദഗോവിന്ദം ഭജൻസ്. കരാറിൽ പറഞ്ഞ രീതിയിൽ കൃത്യമായാണ് പരിപാടി നടത്തിയതെന്നും വിസ ചട്ടപ്രകാരം കൃത്യമായി തീയതികളിൽ കാനഡയിൽ നിന്ന് മടങ്ങിയെന്നും നന്ദഗോവിന്ദം ഭജൻസ് പറഞ്ഞു. നന്ദഗോവിന്ദം ഭജൻസിലെ പ്രധാന ഗായകരായ നവീൻ മോഹനും പ്രവീണുമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെ മറുപടി നൽകിയത്.
കാനഡയിലെ എഡ്മൺടനിൽ നടന്ന പരിപാടിയുടെ സംഘാടകരുമായുണ്ടായ തർക്കം എന്തായിരുന്നെന്ന് ഇരുവരും വിഡിയോയിലൂടെ വിശദീകരിച്ചു. എമിഗ്രേഷൻ വകുപ്പിന്റെ പിടിയിലാണ വാർത്ത തെറ്റാണെന്നും അവർ പറഞ്ഞു. കരാറിനു വിരുദ്ധമായി പരിപാടികൾ നടത്തിയെന്നാണ് നന്ദഗോവിന്ദം ഭജൻസിന് എതിരായ ആരോപണം.
നന്ദഗോവിന്ദം ഭജൻസ് കാനഡയിൽ ത്രിവേണി ഫൈൻ ആർട്‌സുമായി കരാറിലേർപ്പെട്ടാണ് പരിപാടിക്കെത്തിയത്. ഏഴിടങ്ങളിലായിരുന്നു പരിപാടി. കരാർ പ്രകാരം എഡ്മണ്ടൻ സിറ്റിയിൽ ഭജൻസ് നടത്താൻ ‘നമഹ’ അസോസിയേഷൻ കരാറിലെത്തിയിരുന്നു. ഇതിനു ശേഷം തൊട്ടടുത്തുള്ള കാൽഗറിയിൽ അധികമായി ഒരു ഷോ പ്രഖ്യാപിക്കുകയുമായിരുന്നു. ഇത് സംഘാടകരെ വഞ്ചിക്കുന്നതാണെന്നാണ് ഉയർന്ന പരാതി. മലയാളി കൂട്ടായ്മയായ നമഹ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാനഡയിൽ നന്ദഗോവിന്ദം ഭജൻസിനെതിരെ എമിഗ്രേഷൻ നടപടികളുണ്ടായെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഇത് തെറ്റാണെന്നും നിയമവിരുദ്ധമായി തങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും നന്ദഗോവിന്ദം ഭജൻസ് വ്യക്തമാക്കി.
ഏഴ് പരിപാടിക്ക് പുറമെ ഒരു പരിപാടി നന്ദഗോവിന്ദം സ്വന്തമായി പ്രഖ്യാപിച്ചതാണ്. പ്രവീണിന്റെ പേജിൽ നിന്നാണ് പരിപാടി അനൗൺസ് ചെയതത്. ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന് സംഘാടകർ പറഞ്ഞതോടെ ടിക്കറ്റ് സോൾഡ് ഔട്ടായശേഷം അനൗൺസ് ചെയ്യാം എന്നു പറഞ്ഞു. പിന്നീട് പരിപാടിക്ക് ശേഷം സ്വന്തം പേജിലൂടെയാണ് കാൽഗറിയിലെ പരിപാടി പ്രഖ്യാപിച്ചത്. ഇരുസ്ഥലങ്ങളും തമ്മിൽ 300 കിലോ വ്യത്യാസമുണ്ട്. പരിപാടി പ്രഖ്യാപിച്ചതിന് പിന്നാലെ മോശമായാണ് സംസാരിച്ചത്. നിയമപരമായി തെറ്റാണെന്ന് പറഞ്ഞ് മെയിൽ അയച്ചു. മറ്റൊരിടത്ത് നടത്തുന്നതിനെ വിമർശിക്കാൻ സംഘാടകർക്ക് സാധിക്കില്ലെന്നും ഇക്കാര്യം കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും നന്ദഗോവിന്ദം ഭജൻസ് പറഞ്ഞു. പരിപാടി അനൗൺസ് ചെയ്ത ശേഷം അറ്റാക്ക് ചെയ്യുകയാണെന്നും 29ന് കാനഡയിൽ നിന്ന് മടങ്ങിയെന്നും എല്ലാം നിയമപരമായാണ് പൂർത്തിയാക്കിയതെന്നും നന്ദഗോവിന്ദം ഭജൻസ് വ്യക്തമാക്കി.
എന്തെങ്കിലും പറഞ്ഞാൽ അഹങ്കാരികളാകും, പറഞ്ഞില്ലെങ്കിലും അഹങ്കാരികളാകും. അപ്പോൾ അതിലെ സത്യാവസ്ഥ എന്താണെന്ന് ഞങ്ങളുടെ കാണികൾ അറിഞ്ഞിരിക്കണം എന്നുള്ളത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. വിഡിയോക്ക് താഴെ തെറിവിളിക്കുന്നവരുണ്ടാകും. ഹിന്ദുക്കളെ പറ്റിച്ച് ജീവിക്കുന്നവരാണെന്ന് പറയും. അത്തരക്കാർക്ക് അത് തുടരാമെന്നും നന്ദഗോവിന്ദം ഭജൻസ് വിഡിയോയിൽ കൂട്ടിച്ചേർത്തു. നിലവിൽ സിംഗപ്പൂരിലാണെന്നും പരിപാടി കഴിഞ്ഞ് ന്യൂസിലൻഡിലേക്ക് പോകുമെന്നും നവീൻ മോഹനും പ്രവീണും വ്യക്തമാക്കി. കൂടാതെ കരാർ വിവരങ്ങളും വാട്സാപ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും ഓർഗനൈസർമാരുടെ പ്രതികരണങ്ങളും വിഡിയോയിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

