മികച്ച താരനിരയുമായി 'നാഗബന്ധം'; വിരാട് കർണ്ണ നായകനാകുന്ന മിത്തോളജിക്കൽ ആക്ഷൻ-അഡ്വഞ്ചർ ചിത്രം തിയറ്ററുകളിലേക്ക്
text_fieldsഅഭിഷേക് നാമ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സോഷ്യോ-ഫാന്റസി അഡ്വഞ്ചർ ചിത്രം 'നാഗബന്ധം - ദി സീക്രട്ട് ട്രഷർ' റിലീസിനൊരുങ്ങുന്നു. ഇന്ത്യൻ സിനിമയിൽ ഇന്നുവരെ കാണാത്ത ദൃശ്യവിസ്മയങ്ങളുമായി ഒരുങ്ങുന്ന ഈ പാൻ-ഇന്ത്യൻ ചിത്രം ജൂലൈ മൂന്നിന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ പുതുതായി പുറത്തിറങ്ങിയ മാസ് പോസ്റ്റർ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.
നായകന്റെ തീക്ഷ്ണമായ നോട്ടത്തിനൊപ്പം പുരാതന കാലത്തെ സന്യാസിമാർ, ക്രോധാവിഷ്ടനായ സർപ്പം, ആഞ്ഞടിക്കുന്ന കടൽത്തീരങ്ങൾ തുടങ്ങിയ കൗതുകമുണർത്തുന്ന നിരവധി ഘടകങ്ങൾ ഉൾക്കൊള്ളിച്ചാണ് പുതിയ പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും പ്രമുഖ തിയറ്ററുകളിൽ ഈ പോസ്റ്ററിന്റെ വമ്പൻ സ്റ്റാൻഡികൾ സ്ഥാപിച്ചുകഴിഞ്ഞു. ചിത്രത്തിലെ ടീസറും ഗാനങ്ങളും നേരത്തെ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു.
വിരാട് കർണ്ണ നായകനാകുന്ന ചിത്രത്തിൽ നഭ നടേഷ്, ഐശ്വര്യ മേനോൻ എന്നിവരാണ് നായികമാർ.
ജഗപതി ബാബു, മഹേഷ് മഞ്ജരേക്കർ, മുരളി ശർമ്മ, ജയപ്രകാശ്, അനസൂയ ഭരദ്വാജ്, ശരണ്യ പൊൻവണ്ണൻ, രാമചന്ദ്ര രാജു (കെ.ജി.എഫ് ഫെയിം), ഋഷഭ് സാഹ്നി തുടങ്ങി ഇന്ത്യൻ സിനിമയിലെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
അന്താരാഷ്ട്ര പ്രശസ്തനായ ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ചിത്രത്തിലെ സാഹസികമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ശ്വാസം അടക്കിപ്പിടിക്കുന്ന ദൃശ്യങ്ങൾ, കടുത്ത ആക്ഷൻ രംഗങ്ങൾ, ശക്തമായ പശ്ചാത്തല സംഗീതം എന്നിവയാൽ സമ്പന്നമായ ചിത്രം 2026-ലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
അഭിഷേക് പിക്ചേഴ്സുമായി സഹകരിച്ച് നിക് സ്റ്റുഡിയോസിന്റെ ബാനറിൽ കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗി റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വമ്പിച്ച നിർമാണച്ചെലവിലും ലോകോത്തര സാങ്കേതിക നിലവാരത്തിലും ഒരുങ്ങുന്ന 'നാഗബന്ധം' തിയറ്ററുകളിൽ പ്രേക്ഷകർക്ക് ഒരു അവിസ്മരണീയ ദൃശ്യാനുഭവം സമ്മാനിക്കും. പി.ആർ.ഒ: ആതിര ദിൽജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

