'സിഗരറ്റ് വാങ്ങാൻ പോയില്ലായിരുന്നെങ്കിൽ ആശീർവാദിന്റെ മുതലാളിയായേനെ’; ചിരിപ്പിച്ച് പി.കെ- വിഡിയോ
text_fieldsടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണ് നടികർ. ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഏകദേശം 5.39 കോടിയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്നത്.
ഇപ്പോഴിതാ തിയറ്ററുകളിൽ കൈയടി നേടിയ ചിത്രത്തിലെ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലിന്റെ മനേജർ പി.കെയെയാണ് സുരേഷ് കൃഷ്ണ അവതരിപ്പിച്ചിരിക്കുന്നത്. പി.കെയുടെ ഒരു രസകരമായ രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. സിഗരറ്റ് വാങ്ങാൻ പോയില്ലായിരുന്നെങ്കിൽ ആന്റണി പെരുമ്പാവൂരിനു പകരം ഇന്ന് ആശീർവാദിന്റെ മുതലാളി താനാകുമായിരുന്നുവെന്നാണ് രംഗത്തിൽ പറയുന്നത്. സുരേഷ് കൃഷ്ണയുടെ പി.കെയെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.
സിനിമക്കുള്ളിലെ സിനിമാക്കഥ പറയുന്ന ചിത്രമാണ് ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ‘നടികർ’. ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരത്തെയാണ ടൊവിനോ തോമസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഡേവിഡ് പടിക്കലിന്റെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
ടൊവിനോ, സുരേഷ് കൃഷ്ണ എന്നിവർക്കൊപ്പം സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി,ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

