'എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ'; സുരേഷ് ഗോപിയെ പിന്തുണച്ചത് തെറ്റായി പോയി -എൻ.എസ് മാധവൻ
text_fieldsഅവിശ്വാസികളോട് സ്നേഹമില്ലെന്നും അവരുടെ സർവനാശത്തിന് വേണ്ടി ശ്രീകോവിലിന് മുമ്പിൽ നിന്ന് പ്രാർഥിക്കുമെന്നുള്ള നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസ്താവന വലിയ വിമർശനം സൃഷ്ടിച്ചിരിക്കുകയാണ്. ഭക്തിയെ നിന്ദിക്കുന്നവരെ സമാധനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് വിവാദ പ്രസ്താവന നടത്തിയത്.
സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ നടന്റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് എഴുത്തുകാരൻ എൻ. എസ് മാധവൻ രംഗത്തെത്തിയിരിക്കുകയാണ്. സുരേഷ് ഗോപിയുടെ നിലപാടിനെ അഭിനന്ദിച്ചു കൊണ്ടുള്ള പഴയ ട്വീറ്റ് പങ്കുവെച്ച് കൊണ്ടാണ് പ്രതികരണം. 'എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ' എന്നാണ് ട്വീറ്റ് ചെയ്തത്.
'സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് എതിരാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തിൽ തിളങ്ങി നിൽക്കാറുണ്ട്. ഇപ്പോൾ തന്നെ നോക്കൂ, അദ്ദേഹമൊഴികെ മറ്റൊരു താരവും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിട്ടില്ല. അതും, സ്വന്തം പാർട്ടിയായ ബി.ജെ.പി തന്നെ പൃഥ്വിരാജിനെതിരെ സൈബർ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദർഭത്തിൽ. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തിൽ തുടരുമെന്ന് എനിക്ക് തോന്നുന്നില്ല'എന്നാണ് എൻ.എസ് മാധവന്റെ പഴയ ട്വീറ്റ്.