‘ജീവിതത്തോടുള്ള എന്റെ സമീപനം ഒരു വിദ്യാർഥിയെപ്പോലെ’; സ്ത്രീകൾ ശക്തി സൗന്ദര്യങ്ങളുടെ മൂർത്തീഭാവമെന്ന് ഐശ്വര്യ റായ്
text_fieldsജിദ്ദ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ‘ഇൻ കൺവെർസേഷൻ’ സെഷനിൽ ഐശ്വര്യ റായ് സംസാരിക്കുന്നു
ജിദ്ദ: ജിദ്ദയിൽ ആരംഭിച്ച അഞ്ചാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ശ്രദ്ധേയയായി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ. മേളയിലെ ‘ഇൻ കോൺവെർസേഷൻ’ സെഷനിൽ താരം അഭിനയ ജീവിതത്തെയും വ്യക്തിപരമായ കാഴ്ചപ്പാടുകളെയും കുറിച്ച് മനസ്സ് തുറന്ന് സംസാരിച്ചു. കറുപ്പ് നിറത്തിലുള്ള മനോഹരമായ ഗൗൺ അണിഞ്ഞെത്തിയ ഐശ്വര്യ ‘ഹാലോ നമസ്തേ, അസ്സലാമു അലൈക്കും’ എന്ന അഭിസംബോധനയോടെയാണ് മേളയുടെ റെഡ് കാർപറ്റിലേക്ക് പ്രവേശിച്ചത്. പതിവ് ഹെയർസ്റ്റൈലിൽനിന്നും മാറി, വശത്തേക്ക് മാറ്റിയ ചുരുണ്ട മുടിയോടെ എത്തിയ താരം ആരാധകരെ ആകർഷിച്ചു.
1994-ൽ മിസ് വേൾഡ് കിരീടം നേടുന്നതിലേക്ക് താൻ അപ്രതീക്ഷിതമായി എത്തിപ്പെട്ടതാണെന്ന് ഐശ്വര്യ പറഞ്ഞു. ഒരു സൗന്ദര്യമത്സരം എന്നതിലുപരി ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ പ്രതിനിധീകരിക്കാനുള്ള അവസരമായിട്ടാണ് അതിനെ കണ്ടത്. കിരീട നേട്ടത്തിനുള്ള മത്സരവേദിയിൽ ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിെൻറ അറിവ് വളരെ കുറവാണെന്ന് മനസിലായി. വിദ്യാഭ്യാസ സമ്പ്രദായം, ഭൂമിശാസ്ത്രം എന്നിവ സംബന്ധിച്ചും കടുവകളും പാമ്പാട്ടികളും ഇപ്പോഴും ഇവിടെയുണ്ടോ എന്നുമൊക്കെയുള്ള ചോദ്യങ്ങൾ കാലഹരണപ്പെട്ടതായി തോന്നിയെന്നും അവർ പറഞ്ഞു.
മേളയുടെ ഉദ്ഘാടന ചടങ്ങിൽ താരം റെഡ് കാർപറ്റിൽ എത്തിയപ്പോൾ
മണിരത്നത്തിന്റെ 1997-ലെ തമിഴ് ചിത്രം ‘ഇരുവറി’ലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കിയതിനെക്കുറിച്ചും ഐശ്വര്യ സംസാരിച്ചു. ജീവിതത്തോടുള്ള തന്റെ സമീപനം എന്നും ഒരു വിദ്യാർഥിയെപ്പോലെയാണ്. എന്റെ കരിയർ പോലും ഇതുവരെ ഒരു വിദ്യാർഥിയുടേതിന് തുല്യമാണ്. ഒരു ശാസ്ത്ര വിദ്യാർഥിയായിരുന്ന ഞാൻ ആർക്കിടെക്ചർ പഠനത്തിലേക്ക് പോയി. കരിയറിൽ അസൂയയോ അരക്ഷിതാവസ്ഥയോ ഒരിക്കലും തന്റെ പ്രേരകശക്തിയായിരുന്നില്ല എന്നും വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഓരോ തീരുമാനവും എടുത്തതെന്നും താരം കൂട്ടിച്ചേർത്തു.
സ്ത്രീകൾ ജന്മനാ ശക്തരാണ്. ശക്തിയുടെയും സൗന്ദര്യത്തിന്റെയും സ്ത്രീത്വത്തിന്റെയും മൂർത്തീഭാവമാണ് അവർ. ഒരു മകളായും അമ്മയായും സഹോദരിയായും ഭാര്യയായും സ്ത്രീകൾ തങ്ങളുടെ ജീവിതത്തിൽ വെല്ലുവിളികളെ എങ്ങനെ നേരിടുന്നു എന്നതിലാണ് അവരുടെ ശക്തി കുടികൊള്ളുന്നതെന്നും ഐശ്വര്യ പറഞ്ഞു. തന്റെ യാത്രയെ രൂപപ്പെടുത്തുന്നതിൽ പ്രേക്ഷകർക്കുള്ള പങ്ക് വലുതാണ്. തനിക്ക് ലഭിച്ച സ്നേഹവും പിന്തുണയും വ്യക്തിപരമാണ്. അത് എന്റെ കരിയറിലുടനീളം തനിക്ക് ശക്തിയും ബോധ്യവും നൽകിയെന്നും അവർ കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയെ വിവേകത്തോടെ സമീപിക്കുന്നതിനെക്കുറിച്ച് യുവതലമുറക്ക് ചില ഉപദേശങ്ങളും താരം നൽകി. ‘യഥാർഥമായിരിക്കുക, അംഗീകാരം സ്‌ക്രീനുകളിൽ നിന്നല്ല, ഉള്ളിൽനിന്ന് വരട്ടെ’ -അവർ പറഞ്ഞു. വ്യഴാഴ്ച ഉച്ചക്ക് നടന്ന ‘ഇൻ കൺവെർസേഷൻ’ സെഷനിൽ മലയാളികളുൾപ്പെടെ നൂറ് കണക്കിനാളുകൾ ഐശ്വര്യ റായിയെ കാണാനും കേൾക്കാനുമായി എത്തിയിരുന്നു. രാത്രി നടന്ന മേളയുടെ ഉദ്‌ഘാടന സെഷനിലും താരം പങ്കെടുത്തു. റെഡ് കാർപെറ്റിൽ ഐശ്വര്യ റായ് ഹോളിവുഡ് താരം ഡക്കോട്ട ജോൺസണുമായി സൗഹൃദം പങ്കുവെച്ചതും ശ്രദ്ധേയമായി. ഡക്കോട്ട തന്റെ ഇന്ത്യ സന്ദർശനത്തെക്കുറിച്ച് ഐശ്വര്യയുമായി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

