2025ലെ മികച്ച 10 മലയാള സിനിമകൾ ഒ.ടി.ടിയിൽ കാണാം...
text_fields2025 മലയാള സിനിമയിലെ മികച്ച ചില ചിത്രങ്ങൾ പുറത്തിറങ്ങിയ വർഷമാണ്. പല ഴോണറുകളിൽ ഉള്ള സിനിമകളെ ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളികൾ സിനിമ പ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. മലയാള സിനിമയിലെ പരീക്ഷണ വർഷമെന്ന് വിശേഷിപ്പിക്കാവുന്ന 2025ൽ പുറത്തിറങ്ങിയ മികച്ച ചില ചിത്രങ്ങൾ ഒ.ടി.ടിയിൽ ലഭ്യമാണ്.
ഡീയസ് ഈറെ
പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൊറർ ചിത്രം ഡീയസ് ഈറെ ജിയോ ഹോട്ട്സ്റ്റാറിൽ കാണാം. രാഹുൽ സദാശിവൻ സംവിധാനവും തിരക്കഥയും ഒരുക്കിയ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്നത്. ഒക്ടോബർ 31നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണിത്. പ്രണവ് മോഹൻലാലിന്‍റെ ആദ്യ ഹൊറർ ചിത്രമെന്ന പ്രത്യേകതയും 'ഡീയസ് ഈറെ'ക്കുണ്ട്. പ്രണവ് മോഹൻലാലിനൊപ്പം ജിബിൻ ഗോപിനാഥ്, ജയ കുറുപ്പ്, അരുൺ അജികുമാർ, ഷൈൻ ടോം ചാക്കോ, സുഷ്മിത ഭട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
രേഖാചിത്രം
ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത 2025ൽ പുറത്തിറങ്ങിയ ചിത്രമാണ് രേഖാചിത്രം. ചിത്രം സോണി ലിവിൽ സ്ട്രീമിങ്ങിന് ലഭ്യമാണ്. ജോൺ മന്ത്രിക്കലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനശ്വര രാജൻ, ആസിഫ് അലി, മനോജ് കെ. ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുൺ, ജഗദീഷ്, സായികുമാർ, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഓഫിസർ ഓൺ ഡ്യൂട്ടി
തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ ലഭിച്ച കുഞ്ചാക്കോ ബോബൻ ചിത്രമാണ് 'ഓഫിസർ ഓൺ ഡ്യൂട്ടി'. ഫെബ്രുവരി 20ന് തിയറ്ററുകളില്‍ എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാനാകും. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം ലഭ്യമാകും. ജിത്തു അഷ്റഫ് സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബന് പുറമേ, പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ. യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി. വാര്യര്‍, ലേയ മാമ്മൻ, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹൃദയപൂർവം
സത്യൻ അന്തിക്കാടിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് ഹൃദയപൂർവം. ആഗസ്റ്റ് 28ന് റിലീസായ ചിത്രം മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്ങിന് ലഭ്യമാണ്. തിയറ്ററിൽ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഒ.ടി.ടിയിൽ എത്തിയതോടെ, ചിത്രത്തിലെ മോഹൻലാൽ-സംഗീത് പ്രതാപ് കോംബോക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സംഗീത് പ്രതാപുമൊത്തുള്ള മോഹൻലാലിന്‍റെ രംഗങ്ങളാണ് ചിത്രത്തിന്‍റെ ഏറ്റവും മികച്ച ഭാഗങ്ങളാണെന്ന് പലരും ചൂണ്ടിക്കാട്ടി. നർമം അനായാസം കൈകാര്യം ചെയ്യാനുള്ള സംഗീതിന്‍റെ കഴിവിനെ പ്രേക്ഷകർ പ്രശംസിച്ചു.
പൊൻമാൻ
ജോതിഷ് ശങ്കർ സംവിധാനം ചെയ്ത മലയാളം ഡാർക്ക് കോമഡി ചിത്രമാണ് പൊൻമാൻ. 2025 ജനുവരി 30നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിൽ ബേസിൽ ജോസഫും സജിൻ ഗോപുവും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച അഭിപ്രായമാണ് ആദ്യദിനം മുതൽ ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. ജിയോ ഹോർട് സ്റ്റാറിലാണ് ചിത്രം സ്ട്രീമിങ് ചെയ്യുന്നത്. മലയാളത്തിനൊപ്പം മറ്റ് പ്രധാന ഭാഷകളിലും പൊൻമാൻ പ്രേക്ഷകർക്ക് കാണാനാകും
പടക്കളം
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. ചിത്രം ജിയോ ഹോട്ട് സ്റ്റാറിൽ കാണാം. പേര് സൂചിപ്പിക്കുന്നത് പോലെ ആദ്യാവസാനം ഒരു ഗെയിം മോഡിലാണ് പടക്കളം കഥ പറയുന്നത്. മേയ് എട്ടിനാണ് പടക്കളം തിയറ്ററുകളിലെത്തിയത്. ഫാന്റസി കോമഡി ചിത്രമായ പടക്കളത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാന്‍ ഷൗക്കത്ത്, പൂജ മോഹന്‍രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് നിര്‍മാണം.
ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്'. 2025 ജനുവരി 23ന് തിയറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സീ ഫൈവിലൂടെ ഡിസംബര്‍ 19 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു. തിയറ്റർ റിലീസിന് കൃത്യം 40 ദിവസത്തിനുള്ളിൽ ഗൗതം വാസുദേവ് മേനോൻ ചിത്രം ഒ.ടി.ടി സ്‌ക്രീനുകളിൽ എത്തേണ്ടിയിരുന്നതാണ്. പക്ഷെ, സംപ്രേക്ഷണാവകാശ തുകയെ കുറിച്ചുള്ള തർക്കത്തെ തുടർന്നാണ് ചിത്രത്തിന്‍റെ ഒ.ടി.ടി. റിലീസ് വൈകിയതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മമ്മൂട്ടി കമ്പനിയും, ആമസോൺ പ്രൈം വിഡിയോയും തമ്മിൽ ചിത്രത്തിന്റെ കരാർ തുകയെക്കുറിച്ച് ധാരണയിൽ എത്തിയിട്ടില്ലെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.
ആലപ്പുഴ ജിംഖാന
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ജനപ്രിയ ചിത്രമാണ്. 2025 ഏപ്രിൽ 10ന് വിഷു റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം സോണിലിവിലൂടെ സ്ട്രീമിങ്ങിന് ലഭ്യമാണ്. നസ്ലൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ജിംഷി ഖാലിദ് ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
തുടരും
മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ‘തുടരും’ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. കെ. ആർ. സുനിൽ രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തി ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.മോഹൻലാൽ, ശോഭന, പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ലോക ചാപ്റ്റര്‍ വണ്‍- ചന്ദ്ര
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമാണ് 'ലോക ചാപ്റ്റര്‍ വണ്‍- ചന്ദ്ര'. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ കാണാം. വലിയ പ്രീ റിലീസ് ഹൈപ്പുകൾ ഇല്ലാതെ എത്തിയ ലോക ആഗോള ബോക്സ് ഓഫിസിൽ റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അഞ്ച് ഭാഗങ്ങള്‍ ഉള്ള വമ്പന്‍ ഫാന്റസി സിനിമാറ്റിക് യൂനിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ചിത്രത്തില്‍ ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും നിർണായക വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ലോക ചാപ്റ്റര്‍ 2' അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടൊവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

