സുഷിൻ ശ്യാം വിവാഹിതനായി
text_fieldsസംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, കാളിദാസ്, പാർവതി, ശ്യാം പുഷ്കരൻ, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്ൻവില്ലയാണ് സുഷിൻ അവസാനം സംഗീതം ചെയ്ത ചിത്രം. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിൻ അറിയിച്ചിരുന്നു. 'ഈ വർഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ൻവില്ല. ഒരു ചെറിയ ഇടവേള എടുക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ഞാൻ ഇനി പണി തുടങ്ങുക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്'- സുഷിൻ അന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
2014ല്‍ സപ്തമശ്രീ തസ്ക്കരാ: എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്താണ് സുഷിന്‍ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ഷാനവാസ് ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു. കുമ്പളങ്ങി നൈറ്റിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം സുഷിന്‍ നേടിയിരുന്നു. ബോഗയ്ൻവില്ല കൂടാതെ മഞ്ഞുമ്മൽ ബോയ്‌സ്, ആവേശം, ഉള്ളൊഴുക്ക് എന്നിവയാണ് ഈ വർഷം സുഷിൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രങ്ങൾ.

