ക്രിസ്മസ് ആഘോഷമാക്കാൻ തിയറ്ററിൽ എത്തുന്ന ചിത്രങ്ങൾ...
text_fieldsക്രിസ്മസിനോടനുബന്ധിച്ച് റിലീസിനൊരുങ്ങുകയാണ് പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു പിടി മലയാള ചിത്രങ്ങൾ. മലയാളത്തിന്‍റെ പ്രിയ താരങ്ങൾ പല ഴോണറിലെത്തി സിനിമയുടെ ദൃശ്യ വിരുന്നുതന്നെയാണ് പ്രേക്ഷകർക്കായ് ഒരുക്കുന്നത്. മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വൃഷഭ നാളെ ക്രിസ്മസ് ദിനത്തിൽ തിയറ്ററിലെത്തും. കൂടെ മലയാളികളുടെ പ്രിയ താരം നെവിൻ പോളി ചിത്രവും എത്തുന്നുണ്ട്. ആറോളം ചിത്രങ്ങളാണ് നാളെ റിലീസ് ചെയ്യുന്നത്.
1. വൃഷഭ
മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രമാണ് 'വൃഷഭ'. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ആക്ഷൻ പടമായാണ് സിനിമാപ്രേമികളിലേക്ക് എത്തുന്നത്. മലയാള സിനിമയും ഇന്ത്യൻ സിനിമാ ലോകവും ഒരുപോലെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് വൃഷഭ. മോഹൻലാലിന്റെ മാസ്സ് പ്രകടനമാണ് സിനിമയുടെ പ്രത്യേകത. ഒരു അച്ഛൻ മകൻ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാലിന്‍റെ ആക്ഷൻ സീക്വൻസുകൾ വലിയ ക്യാൻവാസിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
2. സർവ്വം മായ
സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സർവ്വം മായ. ഒരു നെവിൻ പോളി ചിത്രം എന്നതിലുപരി, നടന്‍റെ തിരിച്ചുവരവാകും ഈ സിനിമ എന്ന സൂചനയായിരുന്നു ട്രെയിലർ നൽകിയത്. നെവിൻ പോളി അജു വർഗീസ് കൂട്ടുകെട്ട് വർഷങ്ങൾക്കുശേഷം സർവം മായയിലൂടെ ഒന്നിക്കുകയാണ്. ചിത്രം ഡിസംബർ 25 നാളെ തിയറ്ററിൽ എത്തും. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
3. ഹാൽ
റിലീസിനു മുമ്പുതന്നെ ഏറെ വിവാദങ്ങൾ നേരിട്ട ഷെയ്‌ന്‍ നിഗം ചിത്രമാണ് ഹാൽ. സെൻസർ ബോർഡിന്‍റെ ഏറെ വിവാദമായ ചട്ടങ്ങൾക്കൊടുവിൽ ക്രിസ്മസ് ദിനത്തിൽ ചിത്രം റിലീസ് ചെയ്യും. വീരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണ് ഹാല്‍. ഒരു റാപ്പറുടെ ജീവിതമാണ് ചിത്രം പറയുന്നതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. നായകന്റെ പ്രണയം, അവൻ രചിക്കുന്ന ഒരു റാപ്പിനെ തുടർന്ന് നേരിടുന്ന വെല്ലുവിളികൾ, അതിൽ നിന്നുയരുന്ന സംഘർഷങ്ങൾ എന്നിവ ചേർന്നൊരു റൊമാന്റിക് ത്രില്ലർ അനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്.
4. മിണ്ടിയും പറഞ്ഞും
ഉണ്ണി മുകുന്ദനെയും അപർണ ബാലമുരളിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിണ്ടിയും പറഞ്ഞും’. ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം നാളെ തിയറ്ററിൽ എത്തും. ഫീൽ ഗുഡ് ഫാമിലി എന്റർടൈനറായ ചിത്രം നിർമിച്ചിരിക്കുന്നത് അലൻസ് മീഡിയയുടെ ബാനറിൽ സലീം അഹമ്മദാണ്. സനൽ ലീന ദമ്പതികളുടെ വിവാഹത്തിന് മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ.
5. ആഘോഷം
അമൽ കെ.ജോബി സംവിധാനം ചെയ്യുന്ന ചിത്രം 'ആഘോഷം' ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തും. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫാമിലി എന്റർടൈനർ ആണ് ചിത്രം. 'ലൈഫ് ഈസ് ഓൾ എബൗട്ട് സെലിബ്രേഷൻസ് ' എന്ന ടാഗ്‌ലൈനോട് എത്തുന്ന ചിത്രത്തിൽ നരേനാണ് നായകൻ. റോസ്മിനാണ് നായിക. വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, ജയ്സ് ജോസ്,ജോണി ആന്‍റണി, രൺജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, എന്നിവരുമുണ്ട്.
6. ചാമ്പ്യൻ
അനശ്വര രാജന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ചാംമ്പ്യന്‍. 25ന് ചിത്രം തിയറ്ററുകളില്‍ എത്തും. ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം. സ്വപ്‌ന സിനിമാസ്, ആനന്ദി ആര്‍ട്ട് ക്രിയേഷന്‍സ്, കണ്‍സപ്‌റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശക്തനായ ഒരു ഫുട്ബോൾ കളിക്കാരനായാണ് റോഷൻ ചിത്രത്തിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

