ഒക്ടോബറിൽ ഒ.ടി.ടിയിലെത്തുന്ന ആറ് സിനിമകൾ
text_fieldsഒക്ടോബറിൽ ഒ.ടി.ടിയിലെത്തുന്നത് നിരവധി സിനിമകളും സീരീസുകളുമാണ്. ശിവകാർത്തികേയൻ നായകനായെത്തിയ മദ്രാസി, മാധ്യമ പ്രവർത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ച ആളൊരുക്കം, വിജേഷ് ചെമ്പിലോടിന്റെ ഒരു വടക്കൻ പ്രണയപർവ്വം, ആസിഫ് അലി നായകനായെത്തിയ ആഭ്യന്തര കുറ്റവാളി, മലയാളികൾ ഈയടുത്ത് ഏറ്റവും കൂടുതൽ വിമർശിച്ച ചിത്രമാണ് പരം സുന്ദരി, ഹൃത്വിക് റോഷൻ, ജൂനിയർ എൻ.ടി.ആർ, എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച വാർ 2 എന്നിവയാണ് ഒക്ടോബറിൽ ഒ.ടി.ടിയിലെത്തുന്നത്.
മദ്രാസി
ശിവകാർത്തികേയൻ നായകനായെത്തിയ എ.ആർ. മുരുഗദോസ് ചിത്രം മദ്രാസി ആമസോൺ പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. തമിഴ് സിനിമ മേഖലയിൽ വലിയ ആരാധകരുള്ള താരമാണ് ശിവകാർത്തികേയൻ. സമീപകാലത്ത് ഒരുപാട് ഹിറ്റുകൾ കൈവരിക്കാൻ ശിവകാർത്തികേയൻ സിനിമകൾക്ക് സാധിച്ചിട്ടുണ്ട്. തിയറ്ററുകളിൽ വലിയ കോളിളക്കമൊന്നും മദ്രാസി സൃഷ്ടിച്ചില്ലെങ്കിലും ആഗോള ബോക്സ് ഓഫിസ് കലക്ഷനായി 100 കോടി രൂപ ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ശ്രീ ലക്ഷ്‍മി മൂവീസ് നിർമിച്ച ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം രുക്മിണി വസന്ത്, വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് പ്രധാന റോളുകളിൽ എത്തുന്നത്. എ. ആർ മുരുഗദോസും ശിവകാർത്തികേയനും ആദ്യമായി ഒന്നിച്ച പ്രോജക്ടിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിർവഹിക്കുന്നത്.
ആളൊരുക്കം
മാധ്യമ പ്രവർത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ച് 2018 മാർച്ച് 23 ന് റിലീസ് ആയ മലയാള ചിത്രമായ ആളൊരുക്കം മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ജോളിവുഡ് മൂവീസിന് വേണ്ടി ജോളി ലോനപ്പൻ നിർമിച്ചിരിക്കുന്ന ഈ ചിത്രം സമകാലിക പ്രാധാന്യമുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഓട്ടൻ തുള്ളൽ കലാകാരനായ പപ്പുപിഷാരടി പതിനാറ് വർഷം മുമ്പ് വീടുവിട്ടിറങ്ങിയ മകനെത്തേടി നടത്തുന്ന യാത്രയെക്കുറിച്ചാണ് ചിത്രം പറയുന്നത്. പപ്പു പിഷാരടിയായി വേഷമിട്ട ഇന്ദ്രൻസിന് 2017ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചിരുന്നു. കലാമണ്ഡലത്തിൽ നിന്നുള്ള വിദ്ഗദരായ കലാകാരന്മാർ ചിത്രത്തിനു വേണ്ടി ഇന്ദ്രൻസിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിച്ചിരുന്നു. ഈ ചിത്രത്തിൽ ശ്രീകാന്ത് മേനോൻ, അലിയാർ, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോൺ, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവൻ നാരായണൻകുട്ടി, സജിത്ത് നമ്പ്യാർ, സജിത സാവരിയ എന്നിവരും അഭിനയിച്ചിരിക്കുന്നു.സാംലാൽ പി തോമസാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
ഒരു വടക്കൻ പ്രണയപർവ്വം
വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയില്‍ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേര്‍ന്ന് സംവിധാനം ചെയ്ത ഒരു വടക്കന്‍ പ്രണയ പര്‍വ്വം മനോരമ മാക്സ് സ്ട്രീമിങ് ആരംഭിച്ചു. സൂരജ് സണ്‍, ശബരീഷ് വര്‍മ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണന്‍ മാഷ്, കുമാര്‍ സുനില്‍, ശിവജി ഗുരുവായൂര്‍, രാജേഷ് പറവൂര്‍, ജെന്‍സണ്‍ ആലപ്പാട്ട്, കാര്‍ത്തിക് ശങ്കര്‍, ശ്രീകാന്ത് വെട്ടിയാര്‍, അഞ്ജന പ്രകാശ്, ഡയാന ഹമീദ്, ദേവിക ഗോപാല്‍ നായര്‍, അനുപമ വി.പി. എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. എ-വണ്‍ സിനി ഫുഡ് പ്രൊഡക്ഷന്‍സ് നിർമിക്കുന്ന ഈ ചിത്രം എ-വണ്‍ സിനിമാസിന്‍റെ ബാനറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രണയത്തിനും ഹാസ്യത്തിനുമൊപ്പം മനോഹരമായ ദൃശ്യാവിഷ്‌കാരവും ഹൃദയസ്പര്‍ശിയായ സംഗീതവും ചിത്രത്തിന്‍റെ ഹൈലൈറ്റുകളാണ്.
ആഭ്യന്തര കുറ്റവാളി
ആസിഫ് അലി നായകനായെത്തിയ ആഭ്യന്തര കുറ്റവാളി സീ5ലൂടെ ഒക്ടോബർ 17ന് സ്ട്രീമിങ് ആരംഭിക്കും. ജൂൺ ആറിനാണ് സിനിമ തിയറ്ററുകളിൽ എത്തിയത്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നൈസാം സലാം നിർമിച്ച ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. തിയറ്റർ റിലീസ് ചെയ്ത് നാല് മാസങ്ങൾക്ക് ശേഷമാണ് ചിത്രം ഒ.ടി.ടിയിൽ അരങ്ങേറ്റം കുറിക്കാനെത്തുന്നത്. ഒക്ടോബർ 17 മുതൽ സീ5ൽ ചിത്രം ലഭ്യമാകുമെന്നാണ് ഒ.ടി.ടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. ഏപ്രിൽ 17ന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സിനിമയുടെ നിർമാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് റിലീസ് നീട്ടുകയായിരുന്നു. സിനിമക്കെതിരായ കേരള ഹൈകോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയതോടെയാണ് തിയറ്ററുകളിൽ പ്രദർശിപ്പിക്കാനായത്.
പരം സുന്ദരി
മലയാളികൾ ഈയടുത്ത് ഏറ്റവും കൂടുതൽ വിമർശിച്ച ചിത്രമാണ് പരം സുന്ദരി. സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്ത ചിത്രം വലിയ ചർച്ചാ വിഷയമായിരുന്നു. ചിത്രത്തിൽ മലയാളി പെൺകുട്ടിയായാണ് ജാൻവി എത്തുന്നത്. എന്നാൽ സിനിമ അവതരിപ്പിക്കുന്ന മലയാളി പെൺകുട്ടി സങ്കൽപവും ജാൻവിയുടെ കഥാപാത്രത്തിന്‍റെ ഡയലോഗുകളും വലിയ രീതിയിൽ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റീലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. ആഗസ്റ്റ് 29ന് റിലീസ് ചെയ്‍ത ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒക്ടോബര്‍ 24ന് സ്‍ട്രീമിങ് ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിദ്ധാർഥ് മൽഹോത്രക്കും ജാൻവി കപൂറിനും ഒപ്പം സഞ്ജയ് കപൂർ, മൻജോത് സിങ്, ഇനായത് വർമ, രഞ്ജി പണിക്കർ, സിദ്ധാർഥ ശങ്കർ തുടങ്ങിവർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ആർഷ് വോറയാണ് ചിത്രത്തിന്‍റെ സഹ രചയിതാവ്. മാഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് പരം സുന്ദരി നിർമിച്ചത്.
വാർ 2
ഹൃത്വിക് റോഷൻ, ജൂനിയർ എൻ.ടി.ആർ, കിയാര അദ്വാനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് 'വാർ 2'. ആഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് അയൻ മുഖർജിയാണ്. ചിത്രം ഒക്ടോബർ ഒൻപതിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ആദ്യ ദിവസം 29 കോടി രൂപയാണ് നേടിയത്. എന്നാൽ മൊത്തം കലക്ഷനിൽ ഭൂരിഭാഗവും തെലുങ്ക് പതിപ്പിൽ നിന്നാണ് ലഭിച്ചത്. തെലുങ്ക് പതിപ്പ് ഉൾപ്പെടെ ആകെ കലക്ഷൻ 51.5 കോടി രൂപയായിരുന്നു. യാഷ് രാജ് ഫിലിംസിന്‍റെ ബാനറിലാണ് വാർ 2 പുറത്തിറങ്ങിയത്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ പുതിയ ചിത്രമാണ് വാർ 2. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

