അടുത്തഘട്ട അൺലോക്ക് പ്രക്രിയയിൽ തിയറ്ററുകളും തുറന്നേക്കും; ആളുകളെ ആകർഷിക്കാൻ ഇളവുകളും
text_fields
നിയന്ത്രണങ്ങളോടെ മറ്റെല്ലാ വ്യാപാരമേഖലകളും തുറന്നുപ്രവർത്തിക്കുകയാണെങ്കിലും സിനിമാ തിയറ്ററുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. എന്നാൽ, അടുത്തഘട്ട അണ്‍ലോക്കിങ് പ്രക്രിയയുടെ ഭാഗമായി സിനിമ തിയറ്ററുകളും മള്‍ട്ടി പ്ലക്സുകളും തുറന്നേക്കും. ഓഗസ്റ്റ് അവസാനത്തോടെയായിരിക്കും അടുത്തഘട്ട അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുക. അതിനുശേഷമായിരിക്കും തീരുമാനമുണ്ടാകുക. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും ഇടക്കിടെ അണുനശീകരണം നടത്തിയുമാകും സിനിമാ ഹാളുകള്‍ തുറക്കുക.
സിനിമാ പ്രേമികളെ തിയറ്ററുകളിലേക്ക് ആകർഷിക്കാൻ തുടക്കത്തിൽ ഗംഭീര ഒാഫറുകളും ഇളവുകളും നല്‍കിയേക്കുമെന്നാണ് ഇൗ മേഖലയിൽ നിന്നുള്ളവർ പറയുന്നത്. ടിക്കറ്റ് നിരക്കില്‍ 15 മുതല്‍ 20 ശതമാനം വരെയായിരിക്കും ഇളവ് നൽകുക. രണ്ട് ടിക്കറ്റെടുക്കുന്നവര്‍ക്ക് അടുത്ത ഷോക്ക് ഒരു ടിക്കറ്റ് സൗജന്യമായി നല്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ആദ്യ ആഴ്ചകളില്‍ ആരോഗ്യമേഖലയില്‍നിന്നുള്ളവര്‍ക്കും പോലീസുകാര്‍ക്കും സൗജന്യം അനുവദിക്കുന്നകാര്യവും മള്‍ട്ടിപ്ലക്സുകള്‍ പരിഗണിക്കുന്നുണ്ട്.

