മഴയിലൂടെ ഇരച്ചെത്തിയ ഇരുണ്ട ഭീതി
text_fieldsകോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചിട്ട് ആറുവർഷം പിന്നിട്ടെങ്കിലും വീടിനുള്ളിൽ ഒതുങ്ങിക്കൂടിയ ആ ദിനങ്ങളുടെ ഓർമകൾ ഇന്നും മറക്കാനാവാത്തതാണ്. ഒറ്റപ്പെടലും അനിശ്ചിതത്വവും ഭയവും എത്രത്തോളം തീവ്രമാണെന്ന് അന്നത്തെ അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചു. ഈ പൊതുവായ ഓർമകളെ ഉൾച്ചേർത്ത് ഭീതിജനകമായ സാങ്കൽപിക ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടെത്തിച്ച് ഉദ്വേഗമുനയിൽ നിർത്തുന്ന സയൻസ് ഫിക്ഷൻ ഹൊറർ സിനിമയാണ് ‘ദി ലാസ്റ്റ് ഹൗസ്’.
മഴയുടെ കൂടെ എത്തിയ അജ്ഞാതശക്തി മനുഷ്യരെ വീടുകൾക്കുള്ളിൽ തടവിലാക്കുന്നു എന്നതാണ് ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം. അതിജീവന സിനിമ എന്നതിനപ്പുറം കുടുംബ ബന്ധങ്ങളുടെ ബലവും പ്രതിസന്ധികൾക്കു മുന്നിൽ മനുഷ്യൻ കൈവരിക്കുന്ന മാറ്റങ്ങളും പ്രകൃതി-മനുഷ്യബന്ധവും ഈ ചിത്രം ചർച്ചക്കുവെക്കുന്നു. അമേരിക്കക്കാരനായ മാത്യു റോബിൻസന്റെ തിരക്കഥയിൽ ഫ്രഞ്ച് സംവിധായകൻ ലൂയിസ് ലെറ്റെറിയറാണ് ഈ ചിത്രമൊരുക്കിയത്.
ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് ജേസണും (വാഗ്നർ മൗറ), ഭാര്യ ആനും (ഗ്രെറ്റ ലീ), മക്കളായ ഗ്രഹാമും (നോവ അലക്സാണ്ടർ സോസ്നോവ്സ്കി), റൂത്തും (ആർഡൻ ചോ). ക്രിസ്മസ് ട്രീയും മറ്റും വാങ്ങാൻ പുറത്തിറങ്ങാൻ തയാറെടുക്കുകയാണ് കുടുംബം. തങ്ങളുടെ വീടിന്റെ നിർമാണത്തിലെ പോരായ്മകളെ കുറിച്ചും സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചും അവർ സംസാരിക്കുന്നുണ്ട്.
വീടിന്റെ മുൻവാതിൽ തുറക്കാൻ ശ്രമിക്കവെ കുടുംബനാഥനായ ജേസൺ (Wagner Moura) ആകെ ഞെട്ടിത്തരിച്ച് പോകുന്നു. വാതിൽ തുറക്കാനാകുന്നില്ല. പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും മുൻവാതിൽ അവർക്കുമുന്നിൽ കൊട്ടിയടക്കപ്പെട്ടു കിടക്കുകയാണ്. പുറത്തേക്കുള്ള മറ്റു വാതിലുകളുടെയും സ്ഥിതിയും വ്യത്യസ്തമല്ല. ഗ്ലാസ് ജനലുകൾ തകർക്കാൻ ജേസൺ ശ്രമിക്കുന്നുണ്ട്. എന്നാൽ, അവയിൽ രൂപപ്പെടുന്ന വിള്ളലുകൾ പുറത്തുനിന്ന് അദൃശ്യമായ ഏതോ ശക്തിയാൽ അടക്കപ്പെടുന്നു.
ഫോൺ ശൃംഖലകളും ഇന്റർനെറ്റും നിലക്കുന്നതോടെ പുറംലോകവുമായുള്ള ബന്ധം പൂർണമായി നഷ്ടപ്പെടുന്നു. ജനലിലൂടെ അയൽക്കാരെ കാണുന്നുണ്ട്. എന്നാൽ, അവർക്കും വീടുകളിൽനിന്ന് പുറത്തുകടക്കാനാവുന്നില്ല. അദൃശ്യമായ ഒരു ഭീഷണി വീടുകളെയെല്ലാം വേർതിരിച്ചുനിർത്തുന്നുണ്ട്. മഴയോടൊപ്പം എത്തിയ അജ്ഞാതമായ എന്തോ ഒന്ന് അവരെ വീടിനുള്ളിൽ തളച്ചിട്ടിരിക്കുകയാണ്. സിനിമ കൂടുതൽ സങ്കീർണമായി മുന്നേറുന്നത് ഇവിടംമുതലാണ്.
വലിയൊരു ആപത്തിനെയാണ് അഭിമുഖീകരിക്കുന്നതെന്ന് ജേസണും ആനും തിരിച്ചറിയുന്നെങ്കിലും കുട്ടികൾക്കു മുന്നിൽ അവരാ പരിഭ്രാന്തി കാണിക്കുന്നില്ല. മഴ മാറുന്നതോടെ എല്ലാം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷ അവർ മക്കൾക്ക് നൽകുന്നു.
പുറത്തേക്കുള്ള എല്ലാ വഴികളും അടഞ്ഞുകിടക്കുകയാണ്. ഇനി വീടിനകത്തളത്തെ ആശ്രയിച്ച് ജീവിതം മുന്നോട്ടുപോവുകയല്ലാതെ വേറെ മാർഗമില്ലെന്ന് അവർക്ക് തിരിച്ചറിയേണ്ടി വരുന്നു. അങ്ങനെ, താൽക്കാലികമായൊരു പുതിയ ജീവിതക്രമത്തിലേക്ക് കടക്കാൻ അവർ ഒരുക്കമാരംഭിക്കുകയാണ്.
ഭക്ഷണം നിയന്ത്രിച്ചു മാത്രം ഉപയോഗിക്കുന്നു, പഴയ സിനിമാ ഡി.വി.ഡികൾ കാണുന്നു, ചിത്രങ്ങൾ വരച്ചും ബോർഡ് ഗെയിമുകൾ കളിച്ചും അവർ ജീവിതത്തെ തിരികെ പിടിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നു. ശേഖരിച്ചുവെച്ച ഭക്ഷണ സാധനങ്ങൾ തീരാൻ പോകുന്നു എന്നറിഞ്ഞതോടെ അവർ വീട്ടിനുള്ളിൽ തന്നെ പച്ചക്കറി തോട്ടം ഒരുക്കാനും തുടങ്ങുന്നു. കൂടാതെ എല്ലാ പ്രഭാതാരംഭത്തിലും ജനലിലൂടെ ബോർഡുകളിൽ എഴുതി അയൽക്കാരുമായി ആശയവിനിമയം നടത്താനും അവർ ശ്രമിക്കുന്നുണ്ട്.
സാങ്കേതികവിദ്യ ഇല്ലാതെ പഴയകാല സാഹചര്യങ്ങളുമായുള്ള ഈ ജീവിതം ആദ്യഘട്ടത്തിൽ അവർക്ക് വലിയ ആശ്വാസവും സമാധാനവും നൽകുന്നുണ്ട്. എന്നാൽ, പുറംലോകവുമായി ബന്ധപ്പെടാനാവാത്ത അവസ്ഥ നീളുമ്പോൾ അവരിൽ നിരാശയും അസ്വസ്ഥതയും പതിയെ വളർന്നുവരുന്നുണ്ട്.
ആഴ്ചകൾ മാസങ്ങളായി മാറുന്നു. ഭക്ഷണത്തിന്റെ അളവ് കുറയുന്നു, പ്രതീക്ഷകൾ മങ്ങുന്നു. സന്തോഷത്തോടെ ആഘോഷിക്കേണ്ട ക്രിസ്മസ് പോലും ദുഃഖത്തിന്റെയും കുറവുകളുടെയും ഓർമയായി മാറുന്നു. ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് താൽക്കാലിക സമ്മാനങ്ങളുണ്ടാക്കി അവർ ക്രിസ്മസിനെ ലളിതമായി ആഘോഷിക്കുന്നു. എന്നാൽ, ജീവിതത്തിന്റെ സാധാരണ താളം നഷ്ടപ്പെട്ട കുടുംബത്തിന് ആഘോഷങ്ങളിൽപോലും പഴയ അർഥം കൈവരിക്കാനാകുന്നില്ല.
മരുന്നുകളുടെ അഭാവത്തെത്തുടർന്ന് പ്രായമായ വളർത്തുനായ് ചത്തുപോകുന്നതോടെ പ്രതിസന്ധി കൂടുതൽ വഷളാകുന്നു. അതിജീവനം എന്നത് വിശപ്പിനെ അതിജീവിക്കുക മാത്രമല്ല, വൈകാരികമായ നഷ്ടങ്ങളെ നേരിടുക കൂടിയാണെന്ന് അവർ തിരിച്ചറിയുന്നത് അപ്പോഴാണ്.
ഇതിനിടയിൽ റൂത്ത് ജനലിനപ്പുറം ചില നിഴലുകൾ കാണുന്നതായി പറയുന്നുണ്ട്. മഴയോടൊപ്പം പ്രത്യക്ഷപ്പെടുന്ന വിചിത്രജീവികൾ തങ്ങളുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുകയാണെന്നാണ് അവളുടെ വിശ്വാസം. എന്നാലത് വെറുമൊരു തോന്നലാണെന്നുപറഞ്ഞ് മാതാപിതാക്കൾ അവളുടെ വാക്കുകളെ തള്ളിക്കളയുന്നു. കാലം കടന്നുപോകുമ്പോൾ,ജനലിലൂടെ പ്രത്യക്ഷപ്പെട്ടിരുന്ന അയൽക്കാരുടെ സാന്നിധ്യവും കുറഞ്ഞുവരുന്നു. ഒടുവിൽ, പുറത്ത് കുടുങ്ങിക്കിടന്ന സൂസൻ എന്ന അയൽക്കാരിയെ ഒരു രാത്രി മഴക്കിടെ അജ്ഞാതജീവി കൊണ്ടുപോകുന്നതോടെ കുടുംബത്തിന്റെ വിശ്വാസങ്ങൾ തകരുന്നു. തങ്ങൾ നേരിടുന്നത് ഒറ്റപ്പെടലിന്റെയോ മാനസിക സമ്മർദത്തിന്റെയോ പ്രശ്നം മാത്രമല്ലെന്ന് അവർ മനസ്സിലാക്കുന്നു.
ഈയൊരവസ്ഥയിൽ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ജേസൺ ഏറ്റെടുക്കുന്നു. തന്റെ എൻജിനീയറിങ് പരിജ്ഞാനം ഉപയോഗിച്ച്, ചിമ്മിനിയിലെ ചെറിയ ദ്വാരത്തിലൂടെ അകത്തേക്കു കടക്കാൻ ശ്രമിക്കുന്ന ജീവികളെ നേരിടാനുള്ള ഉപകരണം അയാൾ നിർമിക്കുന്നു. അതോടെ അതിജീവന പോരാട്ടം കൂടുതൽ അപകടകരവും നേരിട്ടുള്ളതുമായ രൂപത്തിലേക്ക് വഴിമാറുകയാണ്.
വർഷങ്ങൾ കടന്നുപോകുമ്പോൾ കുടുംബാംഗങ്ങളുടെ ജീവിതവും മാറുന്നു. ആൻ വീടിനുള്ളിൽ ഒരു പൂന്തോട്ടം വളർത്തുന്നു. റൂത്ത് ചിത്രരചനയിൽ ആശ്വാസം കണ്ടെത്തുന്നു. ഗ്രഹാം പിയാനോ വായനയിൽ മുഴുകുന്നു. എന്നാൽ, ജേസണിന്റെ ജീവിതം കുടുംബത്തെ ജീവനോടെ നിലനിർത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക് ചുരുങ്ങുന്നു. ഒരേ വീട്ടിൽ കഴിയുമ്പോഴും ഓരോരുത്തരും പ്രതിസന്ധിയെ വ്യത്യസ്തമായാണ് നേരിടുന്നത്. സുരക്ഷ ഉറപ്പാക്കാനുള്ള ജേസണിന്റെ ശ്രമങ്ങൾ കുടുംബത്തെ സംരക്ഷിക്കുന്നുണ്ടെങ്കിലും, അതിനൊപ്പം അയാളുടെ മനസ്സിൽ ഭയവും നിയന്ത്രണബോധവും കൂടുതൽ ശക്തമാകുന്നു.
അപ്പോക്കലിപ്റ്റിക് സയൻസ് ഫിക്ഷൻ, സർവൈവൽ ത്രില്ലർ, സൈക്കോളജിക്കൽ ഡ്രാമ എന്നീ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഈ ചിത്രത്തിൽ നിരവധി ആശയങ്ങളും പ്രമേയങ്ങളും കടന്നുവരുന്നുണ്ട്. എന്നാൽ, അവയെല്ലാം ഒരൊറ്റ കഥാപരമായ ലക്ഷ്യത്തിലേക്ക് ഫലപ്രദമായി സംയോജിപ്പിക്കാൻ സാധിക്കുന്നില്ല എന്ന പരിമിതിയും ഈ ചിത്രത്തിനുണ്ട്.
മഴയുമായി ബന്ധപ്പെട്ട ജീവികളുടെ സാന്നിധ്യവും അവയുടെ സ്വഭാവവും ചിത്രത്തിലെ പ്രധാന കൗതുകങ്ങളിലൊന്നാണ്. എന്നാൽ, അവയുടെ സയൻസ് ഫിക്ഷൻ പശ്ചാത്തലവും അമാനുഷികമായ വശങ്ങളും കൂടുതൽ ആഴത്തിൽ വികസിപ്പിക്കാമായിരുന്നു. അതിനുള്ള സാധ്യതകൾ ചിത്രം തുറന്നിടുന്നുണ്ടെങ്കിലും അവയെ പൂർണമായി ഉപയോഗപ്പെടുത്തുന്നില്ല. അവസാന അരമണിക്കൂറിൽ നാടകീയത വർധിക്കുന്നുണ്ടെങ്കിലും, ചില സംഭവങ്ങൾ വലിച്ചുനീട്ടിയതായി തോന്നി. കഥ ഉയർത്തുന്ന പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരങ്ങൾ ലഭിക്കാത്തതും ചില സംഭവവികാസങ്ങൾ പൂർണമായ അർഥത്തിലെത്താത്തതും ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നു.
ലോക്ഡൗൺകാല ഓർമകളെ അസാധാരണമായൊരു സാങ്കൽപിക സാഹചര്യത്തിലേക്ക് മാറ്റിവെച്ച്, ഒറ്റപ്പെടലിന്റെയും അതിജീവനത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും സങ്കീർണതകൾ അന്വേഷിക്കുന്ന ചിത്രമെന്ന് ‘ദി ലാസ്റ്റ് ഹൗസി’നെ വിശേഷിപ്പിക്കാം. മഴ നിലച്ചാലും മനസ്സിൽ അവശേഷിക്കുന്ന ഭീതിയെപ്പോലെ, ചിത്രം ഉന്നയിക്കുന്ന ചില ചോദ്യങ്ങളും കാഴ്ചക്കുശേഷം നമ്മെ പിന്തുടരുകതന്നെ ചെയ്യും.

