Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightക​ള്ള​ന്മാ​രും...

ക​ള്ള​ന്മാ​രും പൊ​ലീ​സും; കൊ​ല​യാ​ളി​യെ തി​ര​യു​മ്പോ​ൾ

text_fields
bookmark_border
ക​ള്ള​ന്മാ​രും പൊ​ലീ​സും; കൊ​ല​യാ​ളി​യെ തി​ര​യു​മ്പോ​ൾ
cancel

ഒന്നിനുപിറകെ ഒന്നായി കുട്ടികൾ അപ്രത്യക്ഷമാകുന്ന ബർലിൻ നഗരം ഇപ്പോൾ ഭയത്തിന്റെ നിഴലിലാണ്. കൊലയാളിയെ പിടികൂടാൻ പൊലീസിന് കഴിയാതെ വരുമ്പോൾ നഗരത്തിലെ സമാധാനം തകരുന്നു. കൊലപാതകങ്ങൾ പതിവായതോടെ പൊലീസിന്റെ റെയ്ഡുകൾ അധോലോക സംഘങ്ങളുടെയും ഭിക്ഷാടകരുടെയും ദൈനംദിന വരുമാനത്തെ ബാധിച്ചുതുടങ്ങി. ഒടുവിൽ, പൊലീസിനും മുമ്പേ കൊലയാളിയെ വലയിലാക്കാൻ, നാളിതുവരെ ശത്രുക്കളായിരുന്ന അധോലോക കുറ്റവാളികളും ഭിക്ഷാടകരും ഒരേ ലക്ഷ്യത്തോടെ ഒന്നിക്കുകയാണ്.

ലോകസിനിമയുടെ ചരിത്രവഴികളെത്തന്നെ മാറ്റിമറിച്ച വിപ്ലവകരമായ ജർമൻ മാസ്റ്റർപീസാണ് ഫ്രിറ്റ്സ് ലാങ് ഒരുക്കിയ ‘M’ (1931). വിഖ്യാത സംവിധായകന്റെ കരിയറിലെ ആദ്യ ശബ്ദചിത്രം കൂടിയായ ഈ സിനിമക്കുപിന്നിൽ ഭീതിപ്പെടുത്തുന്ന ഒരു യഥാർഥ ചരിത്രമുണ്ട്. ചിത്രം പുറത്തിറങ്ങുന്ന കാലത്ത് ജർമനിയിലെ ഡ്യൂസൽഡോർഫ് നഗരത്തെ മുഴുവൻ വിറപ്പിച്ച, ‘ദി വാമ്പയർ ഓഫ് ഡ്യൂസൽഡോർഫ്’ എന്നറിയപ്പെട്ടിരുന്ന പീറ്റർ കുർട്ടൻ എന്ന ക്രൂരനായ സീരിയൽ കില്ലറുടെ ജീവിതത്തിൽനിന്നും അക്കാലത്തെ ചില പത്രവാർത്തകളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫ്രിറ്റ്സ് ലാങ് ഈ ചിത്രത്തിന്റെ കഥാരൂപം തയാറാക്കിയത്.

കുറ്റാന്വേഷണ സിനിമകളുടെ ചരിത്രത്തിൽ ‘സീരിയൽ കില്ലർ’ എന്ന വിഷയം ഇത്രയും ഗൗരവത്തോടെയും മനഃശാസ്ത്രപരമായും കൈകാര്യം ചെയ്ത ആദ്യകാല ചിത്രങ്ങളിൽ ഒന്നാണ് ‘M’. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന എൽസി ബെക്മാൻ എന്ന കൊച്ചുപെൺകുട്ടിയാണ് ഒമ്പതാമത്തെ ഇര. എട്ട് കൊലപാതകങ്ങളും സിനിമ തുടങ്ങുന്നതിനുമുമ്പ് സംഭവിച്ചതായതുകൊണ്ട്, പത്രങ്ങളിലൂടെയും തെരുവിലെ പോസ്റ്ററുകളിലൂടെയും മാത്രമാണ് ഇത് പ്രേക്ഷകർക്ക് മനസ്സിലാകുന്നത്.

ഈ ഒമ്പതാമത്തെ കൊലപാതകത്തോടെ കൊലയാളിയെ വലയിലാക്കാൻ പൊലീസും അധോലോകവും ഒരേസമയം ബർലിൻ നഗരത്തിൽ വലവിരിക്കുന്നു. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളെ സ്വാധീനിക്കാൻ വളരെ എളുപ്പമാണ്. അവർക്ക് അപകടങ്ങൾ തിരിച്ചറിയാനുള്ള ശേഷി കുറവായിരിക്കും. സിനിമയുടെ തുടക്കത്തിൽ നമ്മൾ കാണുന്നതുപോലെ, ഒരു ചോക്ലറ്റോ ബലൂണോ വാങ്ങി നൽകിയാൽ കുട്ടികൾ വളരെ പെട്ടെന്ന് അപരിചിതരായ ആളുകളുടെ കൂടെപ്പോകും. ഈ നിഷ്കളങ്കതയെയാണ് ബെക്കർട്ട് ചൂഷണം ചെയ്യുന്നത്.

ഹാൻസ് ബെക്കർട്ട് എന്ന ആ സൈക്കോപതിക് സീരിയൽ കില്ലറുടെ ദയയില്ലാത്ത ക്രൂരതകൾ ചർച്ച ചെയ്യുമ്പോഴും, ഭയപ്പെടുത്തുന്ന കൊലപാതക ദൃശ്യങ്ങളൊന്നും തന്നെ ഫ്രിറ്റ്സ് ലാങ് നേരിട്ട് കാണിക്കുന്നില്ല. പകരം, കൊച്ചുപെൺകുട്ടിയുടെ ബലൂൺ കറന്റ് ലൈനിൽ കുടുങ്ങിക്കിടക്കുന്നതും, അവൾ കളിച്ചുകൊണ്ടിരുന്ന ബാൾ തനിയെ ഉരുണ്ടുപോകുന്നതുമായ പ്രതീകാത്മക രംഗങ്ങളിലൂടെയാണ് സംവിധായകൻ അപകടം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 1930കളിലെ കടുത്ത സെൻസർഷിപ് നിയമങ്ങളും സാങ്കേതിക പരിമിതികളും കാരണം കൊലപാതകങ്ങൾ നേരിട്ട് കാണിക്കുന്നത് അക്കാലത്ത് കുറവായിരുന്നു എന്നതും ഇതിനൊരു കാരണമാണ്.

വെറുമൊരു ക്രൈം ത്രില്ലർ എന്നതിനപ്പുറം ഒരു കൊലയാളിയുടെ സങ്കീർണമായ മാനസികാവസ്ഥയെയും അതിനോടുള്ള സമൂഹത്തിന്റെ പ്രതികരണത്തെയും അന്നത്തെ നിയമവ്യവസ്ഥയെയും ആഴത്തിൽ വിശകലനം ചെയ്യുന്ന ഒരു മികച്ച ചലച്ചിത്രമാണിത്. സിനിമയിൽ കൊലയാളിയെ തിരിച്ചറിയുന്നതിനായി ഒരു ഭിക്ഷാടകൻ അയാളുടെ കോട്ടിന് പിറകിൽ ചോക്കുകൊണ്ട് ‘M’ എന്ന് അടയാളപ്പെടുത്തുന്ന രംഗം ഏറെ ശ്രദ്ധേയമാണ്. ‘Murderer’ എന്ന വാക്കിന്റെ ചുരുക്കരൂപമായ ‘M’ എന്ന അക്ഷരം ചിത്രത്തിന്റെ കഥാഗതിയെത്തന്നെ മാറ്റിവരക്കുന്ന നിർണായകമായ ഒരു വഴിത്തിരിവായി മാറുന്നു.

ക്ലൈമാക്സിൽ അധോലോക കുറ്റവാളികൾ നടത്തുന്ന രഹസ്യ കോടതിയിൽവെച്ച് ഹാൻസ് ബെക്കർട്ട് തന്റെ മാനസികാവസ്ഥയെക്കുറിച്ച് നടത്തുന്ന വൈകാരികമായ പ്രസംഗം ലോകസിനിമയിലെ തന്നെ ഏറ്റവും വിഖ്യാതമായ രംഗങ്ങളിൽ ഒന്നാണ്. തനിക്ക് ഈ കൊലപാതകങ്ങൾ ചെയ്യണമെന്ന് ആഗ്രഹമില്ലെന്നും, എന്നാൽ ഉള്ളിൽ നിന്നുള്ള ഏതോ ഒരു അദൃശ്യശക്തി തന്നെ അതിന് നിർബന്ധിക്കുകയാണെന്നും അയാൾ നിലവിളിച്ചുകൊണ്ട് പറയുന്നുണ്ട്. സാധാരണ സമയങ്ങളിൽ അയാൾ വളരെ ശാന്തനും വിനീതനും, ആർക്കും ഉപദ്രവം ചെയ്യാത്തതുമായ ഒരു സാധാരണ മനുഷ്യനാണ്. എന്നാൽ, കൊലപാതക ചിന്തകൾ മനസ്സിൽ ഉണരുമ്പോൾ അയാൾ മറ്റൊരു ക്രൂരരൂപമായി മാറുന്നു.

ലോകസിനിമയുടെ ചരിത്രവഴിയിൽ വിപ്ലവം സൃഷ്ടിച്ച ഫ്രിറ്റ്സ് ലാങ്ങിന്റെ മാസ്റ്റർപീസ് ചിത്രം ‘M’ ഇന്നും ചർച്ചയാകുന്നത് അതിന്റെ സങ്കീർണമായ നിർമാണ ശൈലികൊണ്ടാണ്. പിൽക്കാലത്ത് ഹോളിവുഡിൽ തരംഗമായി മാറിയ ‘ഫിലിം നോയിർ’ എന്ന ഇരുണ്ട ക്രൈം സിനിമകളുടെ ഴോണറിന് അടിത്തറയിട്ടത് ഈ ചിത്രമാണ്. സിനിമ പറയുന്ന കഥക്കപ്പുറം, അന്നത്തെ ജർമനിയിലെ നാസി ഭരണത്തിന്റെ വരവിന് തൊട്ടുമുമ്പുള്ള സാമൂഹികാവസ്ഥയെ ചിത്രം ഭയപ്പെടുത്തുന്ന രീതിയിൽ പ്രതിഫലിപ്പിക്കുന്നുണ്ട്. നിയമം കൈയിലെടുക്കുന്ന ജനക്കൂട്ടവും നീതിനടപ്പാക്കലും എത്രത്തോളം അപകടകരമാണെന്ന് പ്രവചനാത്മകമായി ഈ സിനിമയിലൂടെ സംവിധായകൻ കാട്ടിത്തരുന്നു.

സാധാരണ സിനിമകളിൽ പൊലീസും വില്ലനും തമ്മിലുള്ള പോരാട്ടമാണ് കാണാറുള്ളത്. എന്നാൽ, ഇതിൽ ഒരു സീരിയൽ കില്ലർ കാരണം നഗരത്തിലെ കള്ളന്മാർക്കും അധോലോകത്തിനും തങ്ങളുടെ ബിസിനസ് കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥ വരുന്നു. അങ്ങനെ, കൊലയാളിയെ പിടിക്കാൻ പൊലീസും അധോലോക സംഘങ്ങളും ഒരേ സമയം രണ്ട് വഴികളിലൂടെ നീങ്ങുന്നു. കുറ്റാന്വേഷണ കഥകളിലെ വളരെ വേറിട്ടൊരു പശ്ചാത്തലമായിരുന്നു ഇത്. സിനിമയുടെ ഏറ്റവും അവസാന രംഗത്തിൽ മൂന്ന് ജഡ്ജിമാർ അടങ്ങുന്ന ഒരു ഔദ്യോഗിക കോടതി, വില്ലനായ ഹാൻസ് ബെക്കർട്ടിന്റെ വിധി പ്രസ്താവിക്കാൻ ഒരുങ്ങുന്നതാണ് കാണിക്കുന്നത്. നിയമപരമായി അയാൾക്ക് എന്ത് ശിക്ഷ കിട്ടി എന്ന് സിനിമയിൽ കൃത്യമായി പറയുന്നില്ല.

ഒരു ജർമൻ സിനിമയാണ്. 1930കളിൽ സിനിമകളിൽ സബ്‌ടൈറ്റിലുകൾ വെക്കുന്ന സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ അത്ര സജീവമായിരുന്നില്ല. അതുകൊണ്ട് അക്കാലത്ത് അന്താരാഷ്ട്ര മാർക്കറ്റിനുവേണ്ടി ഒരേ സിനിമ തന്നെ ജർമൻ ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും പ്രത്യേകം പ്രത്യേകം ഷൂട്ട് ചെയ്യുന്ന പതിവുണ്ടായിരുന്നു. ഫ്രിറ്റ്സ് ലാങ് ഈ ചിത്രത്തിലെ ചില പ്രധാന രംഗങ്ങളും സംഭാഷണങ്ങളും ഇംഗ്ലീഷ് സംസാരിക്കുന്ന അഭിനേതാക്കളെ വെച്ചും റീഷൂട്ട് ചെയ്തിട്ടുണ്ട്. 1931ൽ ജർമനിയിൽ റിലീസ് ചെയ്ത സമയത്ത് ഈ ചിത്രം ബോക്സ് ഓഫിസ് വിജയം നേടിയിരുന്നില്ല. എന്നാൽ, കാലം കടന്നുപോയപ്പോൾ സിനിമയുടെ മൂല്യം ലോകം തിരിച്ചറിയുകയും മികച്ച മാസ്റ്റർപീസുകളിൽ ഒന്നായി ഇത് മാറുകയും ചെയ്തു. ചിത്രം യൂട്യൂബിൽ കാണാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie reviewMoviesentertainment
News Summary - movie review
Next Story