Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും തരുൺമൂർത്തി-മോഹൻലാൽ കോമ്പോ; ‘അതിമനോഹരം’ ചിത്രീകരണം പൂർത്തിയായി

text_fields
bookmark_border
വീണ്ടും തരുൺമൂർത്തി-മോഹൻലാൽ കോമ്പോ; ‘അതിമനോഹരം’ ചിത്രീകരണം പൂർത്തിയായി
cancel

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മോഹൻലാലാണ് ചിത്രത്തിലെ നായകൻ. സെപ്റ്റംബർ മൂന്നിന് രാത്രിയോടെയാണ് 115 ദിവസം നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയായത്.

ജനുവരി 23ന് തൊടുപുഴയിൽ ആരംഭിച്ച ചിത്രീകരണം ഏഴ് ഷെഡ്യൂളുകളിലായി വിവിധ ലൊക്കേഷനുകളിലായാണ് പൂർത്തിയാക്കിയത്. തൊടുപുഴക്ക് പുറമെ കൊച്ചി, ശബരിമല, മുംബൈ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രം കൂടിയാണിത്.

കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പൊലീസ് പ്രൊസീജ്യർ ഡ്രാമ വിഭാഗത്തിലാണ് ഒരുക്കുന്നത്. മീരാ ജാസ്മിനാണ് നായിക. ലാലു അലക്സ്, മനോജ് കെ. ജയൻ, മുകേഷ്, ജഗദീഷ്, ഇർഷാദ് അലി, പ്രമോദ് വെളിയനാട് എന്നിവർക്കൊപ്പം സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.

‘ഇഷ്‌ക്’, ‘ആലപ്പുഴ ജിംഖാന’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്. ‘തുടരും’ എന്ന ചിത്രത്തിലെ പ്രധാന സാങ്കേതികപ്രവർത്തകർ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘അതിമനോഹര’ത്തിനുണ്ട്.

സിനിമയുടെ അണിയറപ്രവർത്തകർ

ജെയ്ക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിൽ ഷാജികുമാറാണ് ഛായാഗ്രാഹകൻ. ഷഫീഖ് വി.ബി എഡിറ്റിങ്ങും വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രഫിയും നിർവഹിക്കുന്നു. ഗോകുൽ ദാസ് കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും മഷർ ഹംസ കോസ്റ്റ്യൂം ഡിസൈനും കൈകാര്യം ചെയ്യുന്നു.

ബിനു പപ്പു കോ-ഡയറക്ടറായും മിറാഷ് ഖാൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും അഫ്നാസ് വി. അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്ന ചിത്രത്തിൽ അമൽ സി. സദറാണ് സ്റ്റിൽസ്. ജോമോൻ ജോയ് ചാലക്കുടിയാണ് പ്രൊഡക്ഷൻ മാനേജർ. എസ്.കെ.എസ്. തപ്പാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും സുധർമൻ വള്ളിക്കുന്ന് പ്രൊഡക്ഷൻ കൺട്രോളറുമാണ്.

സെൻട്രൽ പിക്ചേഴ്സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

വാഴൂർ ജോസ് (പി.ആർ.ഒ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohanlal Tharun Moorthy Reunite Again
Next Story