അമ്മയുടെ നേതൃസ്ഥാനത്ത് മോഹൻലാലോ മമ്മുട്ടിയോ വരണം; ആവശ്യമുന്നയിച്ച് വിനയൻ
text_fieldsകൊച്ചി: അമ്മയുടെ നേതൃസ്ഥാനത്ത് മോഹൻലാലോ മമ്മുട്ടിയോ വരണമെന്ന് സംവിധായകൻ വിനൻ. അമ്മയുടെ അവസ്ഥ വളരെ മോശമാണ്. സംഘടനയെ രക്ഷിക്കണമെങ്കിൽ ഇവരിലൊരാൾ നേതൃസ്ഥാനത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ തകർക്കാൻ ശ്രമിക്കുന്നവരാണ് ശ്വേത മേനോനെതിരായ കേസിന് പിന്നിലെന്നും വിനയൻ പറഞ്ഞു.
നേരത്തെ അശ്ലീല പ്രദർശനത്തിലൂടെ പണം സമ്പാദിക്കുന്നുവെന്നാരോപിച്ച് നടി ശ്വേത മേനോന് എതിരെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. കേസെടുക്കാൻ നിർദേശിച്ച് പരാതി പൊലീസിന് കൈമാറിയ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രഥമദൃഷ്ട്യാ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഇടക്കാല ഉത്തരവ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേത നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്രമങ്ങൾ സംബന്ധിച്ച് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് റിപ്പോർട്ടും തേടി.
അനാശാസ്യ നിരോധന നിയമവും ഐ.ടി നിയമവും അനുസരിച്ചാണ് കേസെടുത്തത്. എഫ്.ഐ.ആറിൽ ഉന്നയിക്കുന്ന കുറ്റങ്ങൾ നിലനിൽക്കാത്തതാണെന്നായിരുന്നു ഹരജിയിലെ വാദം. 15ന് നടക്കേണ്ട ‘അമ്മ’ സംഘടനയുടെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവമെന്നതിൽനിന്ന് പരാതി ദുരുദ്ദേശ്യപരമാണെന്ന് വ്യക്തമാണെന്നും നടി ബോധിപ്പിച്ചു.
ഹരജിക്കാരിയുടെ ആരോപണത്തിൽ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തി. തിടുക്കത്തിൽ പരാതി പൊലീസിന് കൈമാറിയതിൽനിന്ന് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് മനസ്സിലാകുന്നത്. തുടർന്നാണ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് വിശദീകരണം തേടിയത്. സർക്കാറിന്‍റേയും പരാതിക്കാരന്‍റേയും വിശദീകരണവും തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

