വരവറിയിച്ച് 'മലൈകോട്ടൈ വാലിബൻ'; മോഹൻലാൽ -ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം
text_fieldsമോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. 'മലൈക വാലിബൻ' എന്നാണ് ചിത്രത്തിന്റെ പേര്. മോഹൻലാലിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. പ്രേക്ഷകരും മലയാള സിനിമാ ലോകവും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
സിനിമയുടെ പ്രഖ്യാപനം മുതലെ പേരിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. ഇതിനോടകം തന്നെ നിരവധി പ്രവചനങ്ങൾക്ക് സോഷ്യൽ മീഡിയ വേദിയായിരുന്നു. മലയാള സിനിമയിൽ ഇതാദ്യമായിട്ടാണ് ഒരു ചിത്രത്തിന്റെ പേരിനായി ഇത്രയധികം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ജോൺ ആൻഡ് മേരി ക്രീയേറ്റീവ്സ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എന്നാൽ മറ്റുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. രാജസ്ഥാന്‍ പ്രധാന ലൊക്കേഷനായി ചിത്രീകരിക്കുന്ന സിനിമയില്‍ ഒരു ഗുസ്തിക്കാരന്‍റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക എന്ന അഭ്യൂഹവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്ന് 27-ാമത് ഐഎഫ്എഫ്കെ വേദിയില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു.

