‘ഈ ‘തുടക്കം’ സിനിമയോടുള്ള ആജീവനാന്ത സ്നേഹത്തിന്റെ ആദ്യ പടിയാകട്ടെ’; വിസ്മയക്ക് ആശംസ നേർന്ന് മോഹൻലാലും ആന്റണിയും
text_fieldsസിനിമയിൽ അരങ്ങേറാൻ തയാറെടുക്കുകയാണ് നടൻ മോഹൻലാലിന്‍റെ മകൾ വിസ്മയ. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന സിനിമയിലൂടെയാണ് വിസ്മയം വെള്ളിത്തിരയിലേക്കുള്ള കാൽവെപ്പിനൊരുങ്ങുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആദ്യ ചിത്രത്തിനായി തയാറെടുക്കുന്ന വിസ്മയക്ക് ആശംസകൾ നേർന്ന് രംഗത്ത് വന്നിരിക്കുകയാണ് മോഹൻലാലും ആന്‍റണി പെരുമ്പാവൂരും.
‘ഡിയർ മായക്കുട്ടീ, സിനിമയുമായുള്ള ആജീവനാന്ത സ്നേഹ ബന്ധത്തിലേക്കുള്ള ആദ്യപടിയാകട്ടെ നിന്‍റെ ‘തുടക്കം’’ -ചിത്രത്തിന്‍റെ പേരുൾപ്പെടുന്ന പോസ്റ്ററിനൊപ്പം മോഹൻലാൽ എക്സിൽ കുറിച്ചു. ‘എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക്, എല്ലാ പ്രാർഥനകളും. ഒരു മികച്ച ‘തുടക്കം’ നേരുന്നു’ -എന്നാണ് ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചത്. കുഞ്ഞ് വിസ്മയക്കൊപ്പമുള്ള ചിത്രവും ആന്റണി പങ്കുവെച്ചിട്ടുണ്ട്.
ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രത്തിലൂടെയാണ് വിസ്മയ അഭിനയ രംഗത്തേക്ക് കടക്കുന്നത്. 2018 എന്ന സിനിമക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെയോ ഴോണറിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളാണ് വിസ്മയയുടെ ആദ്യചിത്രം ആക്ഷൻ മൂഡിലുള്ളതാണെന്ന് അഭ്യൂഹമുണ്ട്. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബാറോസി’ൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
സിനിമയിൽ താൽപര്യമില്ലെന്ന് പറഞ്ഞ് മാറിനിന്നവരാണ് മോഹൻലാലിന്‍റെ മക്കളായ പ്രണവും വിസ്മയയും. സജീവമല്ലെങ്കിലും ഇടക്കിടെ വന്ന് ചില സിനിമകൾ ചെയ്ത് പോകുന്നുണ്ട് പ്രണവ്. പൊതുപരിപാടികളിലോ ചടങ്ങുകളിലോ പോലും വിസ്മയ ഇതുവരെ മുഖം കാണിച്ചിട്ടില്ല. യാത്രകളോടായിരുന്നു പ്രിയം. തായ് ആയോധന കലകളിൽ പ്രാവീണ്യം നേടിയിട്ടുള്ള വിസ്മയ എഴുത്തിലും സജീവമാണ്. ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകം ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിരാശപ്പെടുത്തില്ലെന്ന് ജൂഡ് ആന്തണി
മായയുടെ ആദ്യ സിനിമ തന്നെ വിശ്വസിച്ച് ഏല്പിച്ച മോഹൻലാലിനെയും സുചിത്രയേയും നിരാശപ്പെടുത്തില്ലെന്ന് സംവിധായകൻ ജൂഡ് ആന്തണി ഫേസ്ബുക്കിൽ കുറിച്ചു. “ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി…
കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു ആന്റണി -ജൂഡ് തുടക്കമാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ” -എന്നിങ്ങനെയാണ് ജൂഡ് ആന്തണിയുടെ കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

