മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമെന്ന ടാഗ്ലൈനോടെ വരുന്ന ടോവിനോ തോമസിന്‍റെ 'മിന്നൽ മുരളി' ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവർത്തകർ നടത്തി.
മിന്നൽ മുരളിയുടെ ഡയരക്ട് ഒ.ടി.ടി റിലീസ് പ്രഖ്യാപന ടീസർ നെറ്റ്ഫ്ലിക്സ് ഇന്ത്യ തിങ്ക്ളാഴ്ച പുറത്തുവിട്ടു. ടോവിനോയും സംവിധായകൻ ബേസിൽ ജോസഫുമടക്കം അണിയറപ്രവർത്തകർ ടീസർ സാമൗൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മിന്നല്‍ മുരളി'യുടെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സിനാണെന്ന് മാസങ്ങള്‍ക്കു മുമ്പ് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. തിയറ്റര്‍ റിലീസിനു ശേഷമായിരിക്കും നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് നടത്തുക എന്നായിരുന്നു റിപ്പോര്‍ട്ടുകൾ. എന്നാൽ കഴിഞ്ഞ ദിവസം തന്നെ മിന്നൽ മുരളി ഒ.ടി.ടി റിലീസാകും എന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ട്വിറ്റർ പേജില്‍ വന്ന ഒരു ട്വീറ്റായിരുന്നു ഇൗ പ്രചാരണത്തിന് പിന്നിൽ. 'ഇന്നത്തെ ദിവസം എളുപ്പത്തില്‍ പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം നാളെ ഇതിലും എളുപ്പത്തില്‍ കടന്നുപോകും'-ഇങ്ങനെയായിരുന്നു ട്വീറ്റ്. പിന്നാലെ ലെറ്റ്സ് ഒ.ടി.ടി ഗ്ലോബൽ അടക്കം വാർത്ത സ്ഥിരീകരിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ബിഗ്ബജറ്റ് ചിത്രം ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ സിനിമയുടെ പേരുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ഗോദ'ക്ക് ശേഷം ടോവിനോയും ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം ഷാന്‍ റഹ്‌മാന്‍.