ഗുരുവായൂരില്‍നിന്ന് ശ്രീനി പറഞ്ഞു, ‘ഇപ്പ ശരിയാക്കിത്തരാം’
text_fieldsഗുരുവായൂര്‍: സി.പി. നായരും റോഡ് റോളറും ‘ഇപ്പ ശരിയാക്കിത്തരാം’ എന്ന ഡയലോഗുമൊക്കെ ശ്രീനിവാസന്റെ തൂലികയില്‍നിന്ന് പിറന്ന് വീണത് ഗുരുവായൂരില്‍ വെച്ചായിരുന്നു. ഗുരുവായൂരില്‍നിന്ന് ഒരു ലോറിക്കാരന്‍ വശമാണ് ശ്രീനി വെള്ളാനകളുടെ നാടിന്റെ തിരക്കഥ സെറ്റിലേക്ക് എത്തിച്ചു തന്നിരുന്നതെന്ന് നിർമാതാവായിരുന്ന നടന്‍ മണിയന്‍പിള്ള രാജു അനുസ്മരിച്ചു.
ലോക്ഡൗണ്‍ കാലത്ത് ഗുരുവായൂര്‍ നഗരസഭ ഒരുക്കിയ ‘അരികെ’ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലായിരുന്നു വെള്ളാനകള്‍ പിറന്നത് ഗുരുവായൂരിലാണെന്ന് കാര്യം മണിയന്‍പിള്ള വെളിപ്പെടുത്തിയത്. വെള്ളാനകളുടെ നാട് ഷൂട്ടിങ് തുടങ്ങാന്‍ നിശ്ചയിച്ചതിന് രണ്ട് ദിവസം മുമ്പ് കഥ മാറ്റാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഒന്ന് വീട്ടില്‍ പോയിവന്ന് കഥ ശരിയാക്കാമെന്ന് ശ്രീനിവാസന്‍ പറഞ്ഞെങ്കിലും യാത്രക്കിടെ വടകര വെച്ച് അദ്ദേഹം അപകടത്തില്‍ പെട്ടു. പരിക്ക് കാര്യമില്ലാത്തതിനാല്‍ കഥ എഴുതി തരാമെന്ന് ശ്രീനി പറഞ്ഞു.
എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ താന്‍ പൊന്മുട്ടയിടുന്ന താറാവിന്റെ ഷൂട്ടിങ്ങിനായി ഗുരുവായൂരിലേക്ക് പോകുന്നുവെന്ന ശ്രീനിയുടെ അറിയിപ്പാണ് കിട്ടിയത്. ഇതോടെ എല്ലാവരും ധർമസങ്കടത്തിലായെങ്കിലും ഷൂട്ടിങ് ആരംഭിക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസം ഗുരുവായൂരില്‍നിന്ന് വരുന്ന ഒരു ലോറിക്കാരന്‍ വശം ശ്രീനി പിറ്റേന്ന് ഷൂട്ട് ചെയ്യേണ്ട ഭാഗം എത്തിച്ചു തന്നുവെന്ന് രാജു പറഞ്ഞു.
പിന്നെ ഓരോ ദിവസവും ഷൂട്ട് ചെയ്യേണ്ട ഭാഗങ്ങള്‍ ഗുരുവായൂരിലെ പൊന്മുട്ടയിടുന്ന താറാവിന്റെ സെറ്റില്‍നിന്ന് കൊടുത്തയക്കുകയായിരുന്നു. വര്‍ഷങ്ങളോളം മനസിലിട്ട് താലോലിച്ച് ചര്‍ച്ചകള്‍ നടത്തിയ കഥ ഹിറ്റായെന്നൊക്കെ പലരും പറയുമെങ്കിലും വെള്ളാനകളുടെ നാട്ടിലൂടെ മലയാളിയുടെ മനസില്‍ ചേക്കേറിയത് ഇങ്ങിനെയായിരുന്നുവെന്ന് രാജു പറഞ്ഞു. ലൊക്കേഷന്റെ തിരക്കുകള്‍ക്കിടയിലിരുന്ന് തിരക്കഥയെഴുതലാണ് ശ്രീനിയുടെ ഒരു രീതിയെന്നും മണിയന്‍ പിള്ള അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

