'ചിയാൻ 64'ന് മുമ്പ് ഫഹദ് ഫാസിലിനൊപ്പം ആക്ഷൻ ത്രില്ലർ ഒരുക്കാൻ 'മെയ്യഴകൻ' സംവിധായകൻ
text_fieldsചിയാൻ വിക്രമിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് സംവിധായകൻ പ്രേംകുമാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന് താൽക്കാലികമായി ചിയാൻ 64 എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്താൻ വൈകുമെന്നും പകരം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുമെന്നും പ്രേംകുമാർ വെളിപ്പെടുത്തിയിരിക്കുകയാണ്.
വിക്രമിനൊപ്പമുള്ള തന്റെ സിനിമയുടെ എഴുത്ത് ജോലികൾ പുരോഗമിക്കുകയാണെന്നും അതിനുമുമ്പ് ഫഹദ് ഫാസിലിനൊപ്പം ഒരു സിനിമ ചെയ്യുമെന്നും ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കവെ പ്രേംകുമാർ വെളിപ്പെടുത്തി. ഫഹദ് ഫാസിലിനോടൊപ്പമുള്ള ചിത്രം തന്റെ മുൻ സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, അവയിലെല്ലാമുള്ള പ്രേക്ഷകരെ സ്പർശിക്കുന്ന വൈകാരിക ഘടകം ഇതിലും സവിശേഷമായി നിലനിൽക്കുമെന്ന് സംവിധായകൻ പറഞ്ഞു.
'ചിയാൻ വിക്രമിനെ നായകനാക്കിയുള്ള സിനിമയുടെ എഴുത്ത് ഇപ്പോഴും പുരോഗമിക്കുകയാണ്. അത് പൂർത്തിയാക്കാൻ തുടർച്ചയായി നാല് മാസമെടുക്കും. വാസ്തവത്തിൽ, ഫഹദിനൊപ്പം ഞാൻ പ്ലാൻ ചെയ്തിരിക്കുന്ന ത്രില്ലർ ഏകദേശം നാല് വർഷമായി എന്റെ മനസ്സിലുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു.
96, മെയ്യഴകൻ പോലുള്ള സിനിമകളിൽ നിന്ന് ആക്ഷൻ വിഭാഗത്തിലേക്ക് ഉടൻ കടക്കരുതെന്ന് ചുറ്റുമുള്ള എല്ലാവരും തന്നെ ഉപദേശിച്ചതായി പ്രേംകുമാർ പറഞ്ഞു. ഫഹദിന് കഥ ഇഷ്ടപ്പെട്ടെന്നും സംവിധായകൻ പറഞ്ഞു. 'കഥയുടെ 40 മിനിറ്റ് മാത്രമേ ഞാൻ അദ്ദേഹത്തോട് പറഞ്ഞുള്ളൂ. ഞാൻ അദ്ദേഹവുമായി സംസാരിക്കുമ്പോൾ, ഓരോ രംഗവും ഫഹദിന് വ്യത്യസ്തമായ ഒരു പ്രതികരണം നൽകി, അത് കാണാൻ തന്നെ ആവേശകരമായിരുന്നു. ഇതൊരു തമിഴ് സിനിമയായിരിക്കും' -പ്രേംകുമാർ പറഞ്ഞു.
സിനിമയിൽ നിന്ന് ഒരു നീണ്ട ഇടവേള എടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രേംകുമാർ വ്യക്തമാക്കി. അതിനാൽ തന്നെ മെയ്യഴകൻ റിലീസ് ചെയ്ത് ഒരു വർഷം പൂർത്തിയാകും മുമ്പ് ചിത്രീകരണം ആരംഭിക്കാനായിരുന്നു ആദ്യം ആഗ്രഹിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഫഹദ് ഫാസിൽ ചിത്രം 2026 ജനുവരി മുതൽ മാത്രമേ ആരംഭിക്കൂ എന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, 2025 ജൂലൈയിലാണ് ചിയാൻ വിക്രമും പ്രേംകുമാറും ഒന്നിക്കുന്ന ആക്ഷൻ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. എന്നാൽ ഈ ചിത്രത്തിന്‍റെ ചിത്രീകരണം വൈകുന്നതിനാൽ, മാവീരൻ സംവിധായകൻ മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന ചിയാൻ 63ന്റെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് വിവരം. എന്നാൽ ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. 'ഓടും കുതിര ചാടും കുതിര' എന്ന മലയാള ചിത്രത്തിലാണ് ഫഹദ് ഫാസിൽ അവസാനമായി ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

