രജനിക്കായി കഥയെഴുതുകയാണെന്ന് വെളിപ്പെടുത്തി മാരി സെൽവരാജ്
text_fieldsനടൻ രജനികാന്തിനായി താനൊരു കഥയുടെ പണിപ്പുരയിലാണെന്ന് പ്രശസ്ത സംവിധായകൻ മാരി സെൽവരാജ്. ഇന്ന് പുറത്തിറങ്ങിയ 'ബൈസൺ കാലമാടൻ' എന്ന തന്റെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു വെളിപ്പെടുത്തൽ. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് സെൽവരാജ് പറയുന്നു.
“ഞാൻ രജനി സാറിനെ പലതവണ കണ്ടിട്ടുണ്ട്. എന്റെ സിനിമകളെക്കുറിച്ചും വരാനിരിക്കുന്ന പ്രോജക്ടുകളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചിട്ടുണ്ട്, അദ്ദേഹവുമായി ചില കഥകൾ പോലും ചർച്ച ചെയ്തിട്ടുണ്ട്. സിനിമയിൽ അഭിനയിക്കുന്ന നായകൻ സൂപ്പർസ്റ്റാറാണോ ചെറിയ നടനാണോ എന്നുപോലും പരിഗണിക്കാതെ, എന്റെ സിനിമ റിലീസുകൾക്ക് ശേഷം അദ്ദേഹം വിളിച്ച് അഭിനന്ദിക്കാറുണ്ടായിരുന്നു. പരിയേരും പെരുമാളിനും, മാമന്നനും, വാഴൈക്കും ശേഷം അദ്ദേഹം എന്നെ വിളിക്കുകയും മനോഹരമായ കത്ത് അയക്കുകയും ചെയ്‍തിരുന്നു” -ന്യൂസ്18 തമിഴിന് നൽകിയ അഭിമുഖത്തിൽ സെൽവരാജ് പറഞ്ഞു.
അദ്ദേഹത്തിനായി ഒരു സിനിമ ഒരുക്കുക എന്ന ആഗ്രഹം സഫലീകരിക്കാൻ പോകുകയാണിപ്പോൾ. എന്നാൽ അതിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചിട്ടില്ലെന്നും മാരി സെൽവരാജ് തുറന്നുപറഞ്ഞു.
ഞാൻ ഒരിക്കലും ഒരു നടനുവേണ്ടി കഥ എഴുതാറില്ല. ആദ്യം കഥ എഴുതും, പിന്നെ ഏത് നടനാണ് ആ കഥാപാത്രത്തിന് യോജിക്കുക എന്ന് ചിന്തിക്കും. ഇപ്പോൾ എന്റെ പക്കലുള്ള കഥയിൽ രജനി സാറിനും ധ്രുവ് വിക്രമിനും ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയും. രജനി സാർ രംഗത്തേക്ക് വന്നാൽ തീർച്ചയായും അദ്ദേഹത്തിന് അനുയോജ്യമായ രീതിയിൽ കഥയെ വികസിപ്പിക്കും. വലിയ നടനാണെങ്കിലും പുതുമുഖമാണെങ്കിലും എന്നെ വിശ്വസിക്കുക എന്നതാണ് എന്റെ അഭ്യർത്ഥന. എന്റെ കാഴ്ചപ്പാടിലും ഞാൻ സ്ക്രീനിൽ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കുന്നവരിലും വിശ്വാസമുള്ള ആളുകളോടൊപ്പമാണ് എനിക്ക് പ്രവർത്തിക്കാൻ സാധിക്കുക -സെൽവരാജ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

