മമ്മൂട്ടിയെ നായകനാക്കി 'മാർക്കോ' നിർമാതാവിന്റെ പുതിയ ചിത്രം; പോസ്റ്റർ പങ്കുവെച്ച് ക്യൂബ്സ് എന്റർടൈൻമെന്റ്
text_fieldsക്യൂബ്സ് എന്റർടൈൻമെന്റ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ചിത്രം
ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് സിനിമയിൽ നിന്നും ഒരിടവേളയെടുത്ത മമ്മൂട്ടി വീണ്ടും സിനിമ രംഗത്തേക്ക് തിരിച്ചെത്തുന്നു. ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായെത്തിയ മാർക്കോയുടെ നിർമാതാവാണ് മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ക്യൂബ്സ് എന്റർടൈൻമെന്റും മമ്മൂട്ടി കമ്പനിയുമാണ് പോസ്റ്റർ പങ്കുവെച്ചത്. ക്യൂബ്സ് എന്റർടൈൻമെന്റിന്റെ വരാനിരിക്കുന്ന ചിത്രമായ കാട്ടാളന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ചിത്രം നിർമാതാവ് ഷെരീഫ് മുഹമ്മദ് പ്രഖ്യാപിച്ചത്.
മമ്മൂട്ടിയും യുവ നിർമാതാവ് ഷെരീഫ് മുഹമ്മദും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പുകൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ആന്റണി വർഗീസ് പെപ്പയെ നായകനാക്കി പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ ബിഗ് ബജറ്റ് ചിത്രത്തിന് ശേഷമാകും പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുക.
നിലവിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയറ്റ്' സിനിമയുടെ ഭാഗമായുള്ള ഷൂട്ടിങ് തിരക്കിലാണ് മമ്മൂട്ടി. ആരോഗ്യപരമായ പ്രശ്നങ്ങൾ പരിഹരിച്ച് ചെന്നൈയിൽ നിന്നും ഹൈദരാബാദിലേക്ക് ഷൂട്ടിങ്ങിനായി മമ്മൂട്ടി പുറപ്പെട്ടിരുന്നു. മമ്മൂട്ടിയെ കൂടാതെ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ തുടങ്ങിയ വലിയ താരനിരതന്നെയുണ്ട് പാട്രിയാറ്റിൽ. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

