ശരത് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; മറാത്ത നടി അറസ്റ്റിൽ
text_fieldsമുംബൈ: എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്തതിന് നടിക്കെതിരെ കേസ്. കേസെടുത്തതിന് പിന്നാലെ മറാത്ത നടി കേതകി ചിതാലെയെ താനെ പൊലീസ് ശനിയാഴ്ച അറസ്റ്റു ചെയ്തു.നടി വെള്ളിയാഴ്ച ഷെയർ ചെയ്ത മറാത്തിയിലെ പോസ്റ്റ് മറ്റാരോ എഴുതിയതാണെന്ന് കരുതപ്പെടുന്നു.
പോസ്റ്റിൽ പവാറിന്റെ കുടുംബപ്പേരും 80 വയസ്സും മാത്രമേ പരാമർശിച്ചിട്ടുള്ളൂ. എൻ.സി.പി മേധാവിക്ക് 81 വയസ്സായി. 'നരകം കാത്തിരിക്കുന്നു. നിങ്ങൾ ബ്രാഹ്മണരെ വെറുക്കുന്നു' എന്നിങ്ങനെയുള്ള വാക്യങ്ങൾ പോസ്റ്റിൽ അടങ്ങിയിരിക്കുന്നു. ശിവസേനക്കും കോൺഗ്രസിനുമൊപ്പം മഹാരാഷ്ട്രയിൽ അധികാരം പങ്കിടുന്ന പവാറിനെ പരാമർശിക്കുന്നതായിരുന്നു കുറിപ്പ് എന്ന് ആരോപിക്കപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച താനെയിലെ കൽവ പൊലീസ് സ്‌റ്റേഷനിൽ ചിതാലെക്കെതിരായ കുറ്റം രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
താനെ പൊലീസിന്റെ ക്രൈംബ്രാഞ്ച് നവി മുംബൈയിൽ നിന്നാണ് ചിതാലെ (29)യെ അറസ്റ്റ് ചെയ്തത്.പൂനെയിലും എൻ.സി.പി പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

