മലയാളത്തിലെ ബിഗ് ബജറ്റ് സിനിമയായ 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' മാർച്ച് 26ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ജനുവരി അഞ്ച് മുതൽ സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് മരക്കാറിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. 2020 മാർച്ച് 26ന് പുറത്തിറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് വന്നതോടെ അതിന് സാധിച്ചില്ല.
പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്‍റെ ബജറ്റ് 100 കോടി രൂപയാണ്.
ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്‍റണി പെരുമ്പാവൂർ, സന്തോഷ് ടി. കുരുവിള, സി.ജെ. റോയ് എന്നിവർ ചേർന്നാണ് നിർമാണം. ചിത്രം തമിഴ്, ഹിന്ദി, ചൈനീസ് ഭാഷയിലും റിലീസ് ചെയ്യുന്നുണ്ട്. ചൈനീസ് ഭാഷയിലുള്ള ആദ്യ മലയാള ചിത്രമാകുമിത്.