‘അന്ന് സംഭവിച്ചതിൽ നാണക്കേട് തോന്നുന്നു, രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല’ -ആദിപുരുഷ് തിരക്കഥാകൃത്ത്
text_fieldsമനോജ് മുൻതശിർ
ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി നിർമിച്ച്, പിന്നീട് വിവാദങ്ങളുടെയും വിമർശനങ്ങളുടെയും കേന്ദ്രമായി മാറിയ 'ആദിപുരുഷ്' എന്ന ചിത്രത്തിന്റെ ഭാഗമായത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്ന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ മനോജ് മുൻതശിർ. ചിത്രത്തിലെ മോശം സംഭാഷണങ്ങളെ ന്യായീകരിക്കാൻ അന്ന് താൻ ശ്രമിച്ചത് അതിനേക്കാൾ വലിയ അബദ്ധമായിപ്പോയെന്നും, അതിൽ താൻ തികച്ചും ലജ്ജിക്കുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ഒരു അഭിമുഖത്തിലാണ് സിനിമാ ജീവിതത്തിൽ തനിക്കുണ്ടായ ഈ വലിയ വീഴ്ചയെക്കുറിച്ചും, അത് വ്യക്തിപരമായും തൊഴിൽപരമായും എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നത്.
പ്രഭാസ്, കൃതി സനോൻ, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് ആദ്യദിവസം മുതൽ വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. പ്രത്യേകിച്ച് ഹനുമാൻ ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ ഉപയോഗിച്ച സംഭാഷണങ്ങൾ വലിയ തോതിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെതിരെ ഉയർന്ന വിമർശനങ്ങൾ പൂർണ്ണമായും ശരിയാണെന്ന് മനോജ് മുൻതശിർ ഇപ്പോൾ സമ്മതിക്കുന്നു.
‘ആ സംഭാഷണങ്ങൾ തികച്ചും മ്ലേച്ഛമായിരുന്നു. അത് എഴുതിയത് ഞാനാണ്, അത് മോശമായിരുന്നു എന്ന് ഞാൻ സമ്മതിക്കുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് വലിയ നാണക്കേട് തോന്നുന്നു. എന്തിനാണ് ഞാൻ അങ്ങനെയൊക്കെ എഴുതിയത്? അപ്പോൾ എന്തായിരുന്നു എന്റെ ചിന്തയെന്ന് എനിക്കിപ്പോഴും അറിയില്ല’ മനോജ് പറഞ്ഞു. ശ്രീരാമനോടും ഹനുമാനോടും ഈ സിനിമയിലൂടെ തങ്ങൾക്ക് നീതി പുലർത്താൻ സാധിച്ചില്ല എന്നത് വലിയൊരു തിരിച്ചറിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തപ്പോൾത്തന്നെ മോശം വി.എഫ്.എക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ വിമർശനം വന്നിരുന്നു. അന്ന് സിനിമക്ക് വേണ്ടി സംസാരിക്കാൻ നിർമാതാക്കൾ തന്നെ ചുമതലപ്പെടുത്തിയതിനെക്കുറിച്ചും അദ്ദേഹം ഓർത്തു.
സിനിമയെ വിമർശിച്ചപ്പോൾ പ്രതികരിക്കാൻ നിർമാതാക്കൾ എന്നോട് ആവശ്യപ്പെട്ടു. 600 കോടി രൂപയുടെ ഒരു സിനിമ പ്രതിനിധീകരിക്കാൻ അവർ എന്നോട് ആവശ്യപ്പെടുമ്പോൾ അത് ചെയ്യണം എന്നെനിക്ക് തോന്നി. അതൊരുപക്ഷേ എന്റെ അഹങ്കാരമായിരിക്കാം. ഭാര്യ പലതവണ ആവശ്യപ്പെട്ടിട്ടും ഞാൻ അത് കേൾക്കാതെ സിനിമയെ എന്റെ ചുമലിലേറ്റി ടെലിവിഷൻ ചാനലുകളിലുടനീളം അഭിമുഖങ്ങൾ നൽകി. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമാണ്’ മനോജ് പറഞ്ഞു.
ചിത്രത്തിന് മുൻപ് താൻ എഴുതിയ ജയ് ശ്രീറാം, റാം സിയാ റാം തുടങ്ങിയ ഗാനങ്ങൾ വലിയ ഹിറ്റായിരുന്നു. എന്നാൽ സിനിമയും അതിലെ സംഭാഷണങ്ങളും വിവാദമായതോടെ തന്റെ ഗാനരചനയ്ക്ക് ലഭിക്കേണ്ടിയിരുന്ന അംഗീകാരവും ഇല്ലാതായി. ഭഗവാൻ രാമനെ എനിക്കറിയാമെന്ന ആത്മവിശ്വാസം എന്റെ കണ്ണുകളെ അന്ധമാക്കിയിരുന്നു. ചിലപ്പോൾ ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം അഹങ്കാരമായി മാറും. ശ്രീരാമനെ ഞാൻ അതിയായി സ്നേഹിച്ചിരുന്നു, അതിനാൽ ഞാൻ അദ്ദേഹത്തെ വളരെ നിസ്സാരമായി കാണാൻ തുടങ്ങി. എനിക്ക് അമിതമായ ആത്മവിശ്വാസമുണ്ടായിരുന്നു’ അദ്ദേഹം പശ്ചാത്തപിച്ചു.
ഇതിനിടയിൽ ഹനുമാനെക്കുറിച്ചുള്ള പഴയൊരു വിഡിയോ പ്രചരിച്ചതും തിരിച്ചടിയായി. എന്നാൽ ആ വിഡിയോയുടെ പൂർണ്ണരൂപം കാണാതെ ഒരു ഭാഗം മാത്രം പ്രചരിപ്പിച്ചതാണ് പ്രശ്നമായതെന്നും, ആദിപുരുഷിലെ വിവാദങ്ങൾ കാരണം പിന്നീട് താൻ പറഞ്ഞത് ആരും കേൾക്കാൻ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ആദിപുരുഷ് വിവാദത്തോടെ ടെലിവിഷൻ മേഖലയിൽ നിന്നും സിനിമാ മേഖലയിൽ നിന്നും തന്നെ പൂർണ്ണമായി മാറ്റിനിർത്തിയെന്ന് മുൻതശിർ വെളിപ്പെടുത്തി.
എന്റെ ടെലിവിഷൻ പരിപാടികളെല്ലാം നിന്നുപോയി. 'ഇന്ത്യാസ് ഗോട്ട് ടാലന്റ്' ഷോയുടെ പുതിയ സീസണിൽ ഞാൻ ഉണ്ടാകേണ്ടതായിരുന്നു, പക്ഷേ വിവാദത്തെത്തുടർന്ന് എന്നെ ഒഴിവാക്കി. മുൻകൂർ പണം വാങ്ങി കരാറൊപ്പിട്ട പല പ്രോജക്റ്റുകളും ഒറ്റരാത്രികൊണ്ട് റദ്ദാക്കപ്പെട്ടു. ഞാൻ അഡ്വാൻസ് തുകകൾ മുഴുവൻ തിരികെ നൽകി. ഞാൻ കാരണം മറ്റൊരാൾക്ക് നഷ്ടം ഉണ്ടാകരുത് എന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്.
ഈ വിവാദങ്ങൾ വ്യക്തിജീവിതത്തെയും സാരമായി ബാധിച്ചു. 11 വയസ്സുള്ള തന്റെ മകന് സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നു. തങ്ങൾ താമസിക്കുന്ന കെട്ടിടത്തിലുള്ളവർക്ക് പോലും മനോജ് മുൻതശിർ അവിടെയാണ് താമസിക്കുന്നത് എന്ന് പറയാൻ നാണക്കേടായിരുന്ന അവസ്ഥയുണ്ടായെന്നും അദ്ദേഹം ഓർത്തു. എന്നാൽ ഈ കടുത്ത പ്രതിസന്ധി ഘട്ടത്തിലും തന്റെ ഭാര്യ ഉറച്ച പിന്തുണയുമായി കൂടെയുണ്ടായിരുന്നെന്നും മുൻകാലങ്ങളിൽ താൻ എഴുതിയ ഗാനങ്ങളുടെ റോയൽറ്റി ലഭിച്ചതുകൊണ്ട് മാത്രമാണ് സാമ്പത്തികമായി പിടിച്ചുനിൽക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ കാര്യങ്ങൾ പതുക്കെ പഴയപടിയായി വരികയാണെന്നും, മുൻപ് പണമായിരുന്നു പ്രധാന ലക്ഷ്യമെങ്കിൽ ഇനി പ്രോജക്റ്റുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

