മണിയൻ പിള്ള രാജുവിന്റെ ഹൊറർ ചിത്രം, 'ഗു'; പ്രധാന വേഷത്തിൽ ദേവനന്ദ
text_fieldsമണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമിക്കുന്ന 'ഗു' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമ ഹൊറർ ഫാൻറസി ജോണറിൽ ഒരുങ്ങുന്ന ചിത്രമാണിത്. 'മാളികപ്പുറ'ത്തിലൂടെ ശ്രദ്ധേയയായ ദേവനന്ദയാണ് പ്രധാന വേഷത്തിലെത്തുന്നത്. നിരവധി കുട്ടികളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
ഷൂട്ടിങ്ങിന് മുന്നോടിയായി കുട്ടികൾക്കായി മൂന്ന് ദിവസത്തെ അഭിനയക്കളരിയും കൊച്ചിയിൽ നടത്തി. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, സൈജു കുറുപ്പ്, കുഞ്ചൻ, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയമെന്ന് സംവിധായകൻ മനു രാധാകൃഷ്ണൻ പറഞ്ഞു.
ബി. ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണൻ്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് 'ഗു'. സംഗീതം: ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ്: വിനയൻ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ: ദിവ്യാ ജോബി, നിർമാണ നിർവഹണം: എസ്. മുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹരി കാട്ടാക്കിട, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: എൻ. ഹരികുമാർ, വി.എഫ്.എക്സ്: ദ്രാവിഡ ക്രിയേഷൻസ്, സ്റ്റിൽസ്: രാഹുൽ രാജ് ആർ, ഡിസൈൻസ്: ആർട്ട് മോങ്ക്, പി.ആർ.ഒ: ഹെയിൻസ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാൻറ്. വാർത്ത: വാഴൂർ ജോസ്.

